അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
Wednesday, May 23, 2018 12:31 PM IST
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായകനാണ് സുന്ദർദാസ്. ലോഹിതദാസിന്റെ തിരക്കഥയ്ക്ക് ഇദ്ദേഹം സംവിധാനം നിർവഹിച്ച ഈ ചിത്രം മലയാളസിനിമയിലെ മാതൃകാസൃഷ്ടിയെന്ന നിലയിൽ ഇന്നും അംഗീകരിക്കപ്പെട്ടിരിക്കുന്ന ചിത്രംകൂടിയാണ്. ജീവിതയാഥാർഥ്യങ്ങളോടു നീതി പുലർത്തുന്ന പ്രണയകഥ പുതുമുഖ താരങ്ങളെക്കൊണ്ട് അവതരിപ്പിച്ച് കുറഞ്ഞ ബജറ്റിൽ സൂപ്പർഹിറ്റ് വിജയം നേടാൻ സാധിച്ചതിലൂടെയാണ് സല്ലാപത്തിന് ഈ വിശേഷണം ലഭിച്ചത്.
നിർധന കുടുംബ ത്തിൽനിന്നു ഗായികയാകാനുള്ള മോഹവുമായി എത്തിയ രാധ എന്ന പെണ്കുട്ടി ശശികുമാർ എന്ന സമാനരീതിയിലുള്ള യുവാവുമായി പ്രണയത്തിലാകുന്നു. എങ്കിലും കുടുംബപ്രാരാബ്ധങ്ങൾമൂലം രാധയുമായുള്ള വിവാഹത്തിന് ശശികുമാർ തയാറാകുന്നില്ല. ഇതിൽ വിഷമംപൂണ്ട് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന രാധയെ അവളുടെ മുറച്ചെറുക്കനായ ദിവാകരൻ രക്ഷകനാകുകയാണ്. ദിവാകരന് തന്നോടുള്ള ഇഷ്ടം തിരിച്ചറിയുന്ന രാധ അയാളെ വിവാഹം കഴിക്കുന്നു. ലളിതവും അതേ സമയം ശക്തവുമെന്ന് നിരൂപകർ ഒന്നടങ്കം വിധിയെഴുതിയ സല്ലാപത്തിന്റെ ഇതിവൃത്തം ഇതാണ്.
ചാലക്കുടി സ്വദേശിയാണ് സുന്ദർദാസ്. 20 വർഷത്തിനുള്ളിൽ 11 ചിത്രങ്ങൾ മാത്രം സംവിധാനംചെയ്ത ഇദ്ദേഹം ഇടക്കാലത്ത് സിനിമയിൽനിന്നൊരു ബ്രേക്കുമെടുത്തു. പക്ഷേ, സുന്ദർദാസ് എന്ന പേര് മലയാളസിനിമയിൽ എന്നും സജീവമായിരുന്നു. ആദ്യചിത്രത്തിലൂടെ അവതരിപ്പിച്ച ദിലീപ്, കലാഭവൻ മണി, മനോജ് കെ. ജയൻ, മഞ്ജു വാര്യർ എന്നീ പ്രതിഭകളുടെ ഉറവിടം അന്വേഷിക്കുന്പോൾ സുന്ദർദാസിന്റെ പേരും പരാമർശിക്കപ്പെടുന്നതു എന്നതുതന്നെ കാരണം. ഇവരിൽ കലാഭവൻ മണിയെന്ന മലയാളസിനിമയുടെ മുത്തിനെ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് പൂർണമായും സുന്ദർദാസിനുതന്നെ. സല്ലാപത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്തു ശ്രദ്ധേയനാക്കിയത്. അക്ഷരം എന്ന സിബി മലയിലിന്റെ ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇദ്ദേഹം മണിയെ പരിചയപ്പെട്ടത്. ആ ചിത്രത്തിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി ഒരു സീൻ മാത്രമുള്ള ഒരു ചെറിയ വേഷം മണി ചെയ്തിരുന്നു. മണി നന്നായി കൈകാര്യംചെയ്ത ആ വേഷമാണ് സുന്ദർദാസിനെ അദ്ദേഹത്തോട് അടുപ്പിക്കുന്നത്.
ദിലീപ്, മഞ്ജു വര്യർ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കുടമാറ്റം എന്ന ചിത്രമായിരുന്നു തുടർന്ന് ഇദ്ദേഹം സംവിധാനംചെയ്തത്. ഈ ചിത്രത്തിലും അതുല്യമായ സംവിധാനശൈലി പ്രകടമാക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
സി.വി. ബാലകൃഷ്ണന്റെ രചനയിൽ മനോജ് കെ. ജയൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമ്മാനം എന്ന ചിത്രമാണ് തുടർന്ന് ഇദ്ദേഹം ഒരുക്കിയത്. പൂർണിമാ മോഹൻ നായികയായി അരങ്ങേറ്റം കുറിച്ച വർണക്കാഴ്ചകൾ ഇദ്ദേഹത്തിന്റെ മറ്റൊരു സൃഷ്ടിയായിരുന്നു. ദിലീപ് നായകനായ ഈ ചിത്രത്തുടർന്ന് കഥ എന്ന പൃഥ്വിരാജ് ചിത്രമാണ് സുന്ദർദാസ് സംവിധാനംചെയ്തത്.
ദിലീപ് നായകനായ കുബേരൻ എന്ന ചിത്രമാണ് തുടർന്ന് ഇദ്ദേഹം ഒരുക്കിയത്. പാർട് ടൈം നടനായ സിദ്ധാർഥൻ എന്ന യുവാവ് തന്റെ സംരക്ഷണച്ചുമതലയുള്ള കുട്ടികളുടെ സന്തോഷത്തിനായി നിശ്ചിതകാലത്തേക്ക് ഒരു ധനികന്റെ വീട് വാടകയ്ക്കെടുത്ത് കുബേരനെപ്പോലെ കഴിയുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ദിലീപ് സിദ്ധാർഥനെ അവതരിപ്പിച്ചപ്പോൾ കലാഭവൻ മണി, സംയുക്താ വർമ, ഉമാശങ്കരി തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷംചെയ്തു.
കലാഭവൻ മണിയെ നായകനാക്കിയ കണ്ണിനും കണ്ണാടിക്കും, ജയറാം നായകനായ പൗരൻ, ഹരിശ്രീ അശോകൻ കേന്ദ്ര കഥാപാത്രമായ ആകാശം, ആൻ അഗസ്റ്റിൻ നായികയയായ റബേക്ക ഉതുപ്പ് കിഴക്കേമല എന്നീ ചിത്രങ്ങളും ഇദ്ദേഹം ഒരുക്കി. 2016-ൽ പതിമൂന്നു വർഷങ്ങൾക്കുശേഷം ദിലീപുമായി ഒത്തുചേർന്ന വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിലൂടെ പുതിയ പ്രേക്ഷകസമൂഹത്തിനും സുന്ദർദാസ് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.
തയാറാക്കിയത്: സാലു ആന്റണി