ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
Monday, April 23, 2018 2:48 PM IST
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവലക്കര ചെല്ലപ്പൻ. കുറഞ്ഞ ബജറ്റിൽ മികച്ച സിനിമകളൊരുക്കാൻ സമർഥനായിരുന്ന ഇദ്ദേഹ ത്തിന്റെ സൃഷ്ടികൾ ഒരു മികച്ച സംവിധായകന്റെ കരസ്പർശം പ്രകടമാക്കുകയുംചെയ്തു. പ്രശാന്ത് എന്ന പേരിലും ഇദ്ദേഹം ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനംചെയ്തിട്ടുണ്ട്. 2015-ൽ അറുപത്തിയെട്ടാമത്തെ വയസിൽ അന്തരിക്കുന്പോൾ നാമമാത്രമായ ചിത്രങ്ങൾ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ക്രെഡിറ്റിൽ ഉണ്ടായിരുന്നത്. എങ്കിലും ജീവിതമറിഞ്ഞവന്റെ ഉൾക്കാഴ്ചയോടെ ഇദ്ദേഹമൊരുക്കിയ ചലച്ചിത്രങ്ങൾ ആസ്വാദകലോകത്തിന് ഒരിക്കലും അവഗണിക്കാനാവുന്നവയല്ല.
കൊല്ലത്തെ തേവലക്കര ഗ്രാമത്തിൽ ജനിച്ച ചെല്ലപ്പനു കുട്ടിക്കാലം മുതലേ സിനിമയോട് വല്ലാത്ത ഇഷ്ടമായിരുന്നു. പന്തളം പോളിടെക്നിക്കിലെ പഠനത്തിനിടെ സിനിമാമോഹം കലശലാവുകയും തുടർന്ന് സിനിമയിൽ എന്തെങ്കിലും ആയിത്തീരണമെന്ന ഉദ്ദേശ്യത്തോടെ കോടന്പാക്കത്തേക്കു പുറപ്പെടുകയുംചെയ്തു. പ്രശസ്ത സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായിയാണ് സിനിമയിൽ തുടക്കമിട്ടത്. പിന്നീട് പി.ജി. വിശ്വംഭരൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രഗത്ഭരായ സംവിധായകരുടെ കൂടെയും പ്രവർത്തിച്ചു.
1986-ൽ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. ആദ്യചിത്രത്തിൽ നായകനായത് മമ്മൂട്ടിയാണ്. ഒരു ചെറുകഥയുടെ നൈർമല്യമുള്ള സിനിമയായിരുന്നു ആളൊരുങ്ങി അരങ്ങൊരുങ്ങി. ചെറിയ ബജറ്റിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും അക്കാലത്തെ ഹിറ്റ് സിനിമകൾക്കുവേണ്ട ഘടകങ്ങളെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്താൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രണയവും പകയും ചതിയും ഉൾപ്പെടെ എണ്പതുകളിലെ വാണിജ്യസിനിമകളുടെ പതിവു ചേരുവകളെല്ലാം മികച്ച രീതിയിൽ സംയോജിപ്പിച്ച ഈ ചിത്രം തിയറ്ററുകളിൽ വൻ വിജയമാണു നേടിയത്. മമ്മൂട്ടിക്കൊപ്പം തിലകൻ, ലാലു അലക്സ്, മാള അരവിന്ദൻ, സത്താർ, മുകേഷ് എന്നിവരും താരനിരയിൽ ഉൾപ്പെട്ടു. ശോഭന നായികയായി എത്തിയ ഈ ചിത്രത്തിൽ മേനകയും മറ്റൊരു പ്രധാനവേഷം ചെയ്തിരുന്നു.
തൊട്ടടുത്ത വർഷം മമ്മൂട്ടിയെയും ഗീതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇദ്ദേഹം സംവിധാനംചെയ്ത ചിത്രമായിരുന്നു അതിനുമപ്പുറം. പൂവച്ചൽ ഖാദറിന്റെ രചനയിൽ ജോണ്സണ് സംഗീതം നൽകിയ ഗാനങ്ങളുടെ മാധുര്യവുമായി ചിത്രം പ്രേക്ഷകമനസിൽ ഇടംനേടി. ജഗതി ശ്രീകുമാർ, മുകേഷ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തമിഴ് താരം ത്യാഗരാജൻ നായകനായ അധോലോകം ആണ് തുടർന്ന് ഇദ്ദേഹം സംവിധാനംചെയ്തത്. രഞ്ജിനി നായികയായ ചിത്രത്തിൽ നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയവരും അഭിനയിച്ചു. ഈ ചിത്രത്തോടെ ത്യാഗരാജനുമായി ആത്മബന്ധത്തിലായ ഇദ്ദേഹം ത്യാഗരാജനെ കേന്ദ്ര കഥാപാത്രമാക്കി അർജുൻ ഡെന്നീസ്, മിസ് പമീല എന്ന ചിത്രങ്ങൾകൂടി പിൽക്കാലത്ത് തയാറാക്കിയിരുന്നു. സിൽക്ക് സ്മിത നായികയായ മിസ് പമീല എന്ന ചിത്രം ഒരുക്കിയതിലൂടെ മുഖ്യധാരാ സിനിമയുടെ സഹയാത്രികൻ എന്ന ഇമേജ് നഷ്ടപ്പെട്ടു എന്ന ചിന്തയിലാവണം തുടർന്ന് പ്രശാന്ത് എന്ന പേരിലാണ് ഇദ്ദേഹം സംവിധാനരംഗത്തു തുടർന്നത്.
തൊണ്ണൂറുകളിലെ ഹാസ്യചിത്രങ്ങളുടെ വേലിയേറ്റത്തിനിടയിൽ ഭാഗ്യം തേടി ഇറങ്ങിയവരുടെകൂട്ടത്തിൽ ഇദ്ദേഹവും ചേർന്നു. നഗരത്തിൽ സംസാരവിഷയം എന്ന ചിത്രം ഒരുക്കിക്കൊണ്ടായിരുന്നു തമാശചിത്രങ്ങളുടെ ലോകത്തേക്ക് ഇദ്ദേഹം പ്രവേശിച്ചത്. ജഗദീഷ്, സിദ്ധിഖ്, ഇന്നസെന്റ്, സൈനുദ്ദീൻ തുടങ്ങിയ അക്കാലത്തെ ഒന്നാംനന്പർ ഹാസ്യതാരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. പ്രേക്ഷകർ സ്വീകരിച്ച ഈ ചിത്രത്തിലൂടെ കോമഡിയും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. തുടർന്ന് ജഗദീഷ്, സിദ്ധിഖ് എന്നിവരെ ലീഡ് റോളിൽ അണിനിരത്തി ഒരുക്കിയ കള്ളൻ കപ്പലിൽ തന്നെ എന്ന അടുത്ത ചിത്രവും തിയറ്റർ വിജയംകണ്ടു.
എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ സിനിമകളൊരുക്കാൻ പ്രഗത്ഭനായിരുന്ന ഇദ്ദേഹത്തിന് കരിയറിൽ തന്റെ കഴിവിന് അനുസരിച്ചുള്ള നേട്ടങ്ങൾ ഉണ്ടായില്ല എന്നതു ദൗർഭാഗ്യകരമാണ്.
തയാറാക്കിയത്: സാലു ആന്റണി