ചിരിയുടെ തോഴനായ താഹ
Monday, April 16, 2018 1:11 PM IST
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്രതിഭാശാലികൾക്കു മാത്രമേ സാധിക്കൂ. താഹ അണിയിച്ചൊരുക്കിയ കഥാപാത്രങ്ങൾ ചിരിയുടെ പൊടിപൂരമാണ് പ്രേക്ഷകർക്കു സമ്മാനിച്ചിട്ടുള്ളത്, വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നവയും.
ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ചിത്രങ്ങളൊക്കെ കണ്ടുമറക്കാനുള്ളവയാണെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. പക്ഷേ, താഹയുടെ ചിത്രങ്ങൾ ഈ ഗണത്തിൽപ്പെടുത്തി എഴുതിത്തള്ളാവുന്നവയല്ല. ചിരിസമ്മാനിക്കുന്ന ഓരോ കഥാപാത്രങ്ങളുടെയും കണ്കോണുകളിൽ ഒരു കണ്ണുനീർതുള്ളി ഒളിഞ്ഞിരിപ്പുണ്ടാവാം. നൊന്പരങ്ങളെ അതിജീവിക്കാൻ അശക്തരായ അവർ നടത്തുന്ന ശ്രമങ്ങൾ ഹാസ്യമായി രൂപാന്തരപ്പെടുകയാണ്. മറ്റൊരർഥത്തിൽ താഹയുടെ കഥാപാത്രങ്ങൾ ഒരിക്കലും ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയല്ല, മറിച്ച് അവരുടെ ജീവിതത്തിലെ സ്വഭാവിക സന്ദർഭങ്ങളൊക്കെ കാണികൾക്ക് നർമമായി അനുഭവപ്പെടുകയാണ്. കാലങ്ങൾ പിന്നിട്ടിട്ടും താഹ സൃഷ്ടിച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെയുള്ളിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നതിനു കാരണവും ഇതുതന്നെ.
കമൽ, തന്പി കണ്ണന്താനം തുടങ്ങിയ സംവിധായകരുടെയൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചതിനുശേഷമാണ് താഹ സ്വന്തമായി ചിത്രങ്ങൾ ചെയ്തുതുടങ്ങിയത്. 1991-ൽ അശോകനൊപ്പം ചേർന്ന് സംവിധാനംചെയ്ത മൂക്കില്ലാ രാജ്യത്ത് ആണ് ആദ്യചിത്രം. മുകേഷ്, സിദ്ധിഖ്, ജഗതി ശ്രീകുമാർ, തിലകൻ എന്നിവർ അഭിനയിച്ച ഈ ചിത്രം നർമമുഹൂർത്തങ്ങളാൽ സന്പന്നമായിരുന്നു. മാനസിക രോഗാശുപത്രിയിലെ അന്തേവാസികളായ നാൽവർ സംഘം അവിടെനിന്നും രക്ഷപ്പെട്ട് നഗരത്തിലെത്തുന്നു. സിനിമാ ചിത്രീകരണത്തിന് നഗരത്തിലെത്തിയ അമിതാഭ് ബച്ചനെ കാണുകയായിരുന്നു ലക്ഷ്യമെങ്കിലും അതു സാധിച്ചില്ല. തുടർന്ന് ഒരു സാധാരണ ജീവിതം നയിക്കുക എന്ന ആഗ്രഹത്തോടെ നഗരത്തിൽതന്നെ തങ്ങാൻ തീരുമാനിക്കുന്ന അവരുടെ ജീവിതത്തിലെ അബദ്ധങ്ങൾ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതിനൊപ്പം പറയാതെ പറഞ്ഞ അവരുടെ നൊന്പരങ്ങളും കാണികളുടെയുള്ളിൽ അവരറിയാതെതന്നെ തങ്ങിനിന്നു.
വാരഫലം എന്ന മുഴുനീള ഹാസ്യചിത്രമായിരുന്നു തുടർന്ന് താഹ ഒരുക്കിയത്. ചിരിയുടെ തന്പുരാക്കന്മാരായ ശ്രീനിവാസനും മുകേഷുമായിരുന്നു മുഖ്യ കഥാപാത്രങ്ങളായ ഉണ്ണിയെയും ബാലനെയും അവതരിപ്പിച്ചത്. ഒരാൾ അന്ധൻ, ഒരാൾ ബധിരൻ. നർമരംഗങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാനുതകുന്ന ഈ കഥയും പശ്ചാത്തലവും താഹ അതിസമൃദ്ധമായി വിനിയോഗിച്ചു. ബോക്സോഫീസിൽ മികച്ചവിജയം നേടിയ ഈ ചിത്രത്തോടെ താഹ എന്ന രണ്ടക്ഷരം ചിരിയുടെ പര്യായമായി മാറി.
ജഗദീഷ്, കലാഭവൻ മണി, പ്രേംകുമാർ എന്നിവർ അഭിനയിച്ച ഗജരാജമന്ത്രമായിരുന്നു താഹയുടെ അടുത്ത ചിത്രം. ശുദ്ധനർമ്മത്തിൽ ചാലിച്ച ഈ ചിത്രവും പ്രേക്ഷകർക്കു ദൃശ്യവിരുന്നായി. നടി ഷീലയുടെ മകൻ വിഷ്ണു നായകനായ ഫൈവ് സ്റ്റാർ ഹോസ്പിറ്റലും താഹയുടെ ചിത്രമാണ്. ലളിതമായ കഥയും മനോഹരമായ ഗാനങ്ങളും കൂട്ടിക്കലർത്തിയ ഈ ചിത്രം നർമരംഗങ്ങളാലും സന്പന്നമായിരുന്നു.
താഹയുടെ എക്കാലത്തെയും മികച്ച ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ പറക്കുംതളികയായിരുന്നു തുടർന്നെത്തിയ ചിത്രം. ദിലീപിന്റെ പ്രേക്ഷകപ്രീതി വാനോളമുയർത്തിയ ഈ ചിത്രം ദശകങ്ങളായി ഹാസ്യചിത്രങ്ങളുടെ മുൻനിരയിൽ നിർത്തി പ്രേക്ഷകർ ആഘോഷിക്കുകയാണ്. ലളിതമായ നർമമുഹൂർത്തങ്ങൾ കോർത്തിണക്കി, ഒരു വാണിജ്യസിനിമയുടെ എല്ലാ രൂപഭാവങ്ങളും അക്ഷരാർത്ഥത്തിൽ ചേർത്ത ഈ ചിത്രം ഒരു മികച്ച സംവിധായകന്റെ കൈയടക്കത്തിന്റെ അടയാളംകൂടിയാണ്. ആബാലവൃദ്ധമുള്ള സാധാരണ മലയാളി പ്രേക്ഷകരുടെ മനസിന് ഈ ചിത്രം പകർന്ന ആനന്ദം വിശേഷണത്തിനും അതീതമാണ്. ദിലീപിനൊപ്പം ഹരിശ്രീ അശോകനും നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ ജനപ്രീതിക്ക് ഇന്നും ഇടിവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സുന്ദരാ ട്രാവൽസ്, കേരള ഹൗസ് ഉടൻ വില്പനയ്ക്ക്, തെക്കേക്കര സൂപ്പർഫാസ്റ്റ്, കപ്പലുമുതലാളി, ഹെയ്ലെസാ തുടങ്ങിയ ചിത്രങ്ങളും താഹ ഒരുക്കിയിട്ടുണ്ട്. ആസ്വാദകഹൃദയത്തെ സ്വാധീനിക്കാൻ ഉൾക്കാഴ്ച നേടിയ സംവിധായകൻ എന്ന നിലയിൽ താഹ എന്നും ആദരിക്കപ്പെടുമെന്നു തീർച്ച.
തയാറാക്കിയത്: സാലു ആന്റണി