മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
Friday, March 16, 2018 1:53 PM IST
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടുത്ത ചലച്ചിത്രകാരനാണ് വേണു നാഗവള്ളി. നടനായി തുടങ്ങി സംവിധായകനും തിരക്കഥാകൃത്തുമായി ഒരു കാലഘട്ടത്തിലെ യുവതയെ മുഴുവൻ ആകർഷണവലയത്തിലാക്കിയ ഈ ബഹുമുഖ പ്രതിഭ 2010-ൽ അന്തരിച്ചു. പന്ത്രണ്ട് ചിത്രങ്ങളാണ് വേണു നാഗവള്ളി സംവിധാനം ചെയ്തിട്ടുള്ളത്. വാണിജ്യസിനിമകൾക്കും ആർട്ട് സിനിമകൾക്കുമിടയിൽ തനതായ സ്ഥാനംനേടിയവയാണ് ഈ ചിത്രങ്ങൾ.
നടനായാണ് സിനിമയിലെ വേണുവിന്റെ തുടക്കം. 1979-ൽ കെ.ജി. ജോർജ് സംവിധാനംചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇദ്ദേഹം വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. ശാലിനി എന്റെ കൂട്ടുകാരി, ചില്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, എന്ന് അമ്മു നിന്റെ തുളസി അവരുടെ ചക്കി.. ആദ്യകാലചിത്രങ്ങളിലേറെയും വിഷാദ കാമുകന്റെ പ്രതിച്ഛായയാണ് ഇദ്ദേഹം പകർന്നാടിയത്. ഈ കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയുംമറ്റും മലയാളി പ്രേക്ഷകരുടെ പ്രത്യേകിച്ച് സ്ത്രീപ്രേക്ഷകരുടെ മനസിൽ ഒരു വിഷാദനായകൻ എന്ന നിലയിൽ വേണു ചിരപ്രതിഷ്ഠ നേടുന്നതിനു കാരണമായി.
പിൽക്കാലത്ത് സംവിധായകനായും തിരക്കഥാകൃത്തായും വൈവിധ്യമുള്ള വേഷങ്ങൾ ചെയ്യുന്ന നടനായും ശ്രദ്ധ നേടാനും വേണുവിനു സാധിച്ചു. വിഷാദനായകൻ എന്ന ഇമേജിനെ പാടേ തകർക്കുംവിധം വ്യത്യസ്തത പുലർത്തിയ സിനിമകളാണ് ഇദ്ദേഹം സ്വന്തമായി ഒരുക്കിയത്. രാഷ്ട്രീയവും ആദർശവും ഹാസ്യവുമൊക്കെ പ്രമേയമാക്കിയ ഈ ചിത്രങ്ങളൊക്കെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. എങ്കിലും വേണുവിന്റെ വിഷാദഭാവം ഉള്ളിന്റെയുള്ളിൽ വേരുറച്ചുപോയതിനാൽ, ഗൃഹാതുരത്വ ഓർമകളിൽ വേണുവിനെക്കുറിച്ച് മറിച്ചൊരു ഭാവത്തിൽ ചിന്തിക്കാൻ മലയാളികൾ ഇപ്പോഴും തയാറല്ല.
എൻജിനീയറിംഗ് പഠനവും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനവുമൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചാണ് സിനിമയിലേക്കെത്തിയത്. ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ ഗായകനായാണ് സിനിമയിലെ തുടക്കമെന്ന് സാങ്കേതികമായി പറയാം. പിന്നീട് മികവുള്ള ഒരു നടനായി മാറിയെങ്കിലും അവിടംകൊണ്ട് അവസാനിച്ചില്ല. ഇദ്ദേഹത്തിന്റെ പ്രതിഭയുടെ മുന്നിൽ ക്രമേണ സിനിമയിലെ ഉന്നതമേഖലകളെല്ലാം കീഴടങ്ങി. പുരോഗമന സാഹിത്യപ്രസ്ഥാനത്തിലെ ഏറ്റവും ശക്തനായ വക്താവായിരുന്ന നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ ഈ മകന് ഇതൊന്നും വലിയ കാര്യവുമായിരുന്നില്ല. ബഷീർ, കേശവദേവ്, ശങ്കരക്കുറുപ്പ് തുടങ്ങി മലയാള സാഹിത്യലോകത്തെ അതികായന്മാർ നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഇവരുടെ ചർച്ചാവേളകൾക്കിടയിൽ കുട്ടിക്കാലത്ത് ഒരു സഹായിയായി ഇവരോടൊപ്പം കൂടിയിരുന്ന ആളാണ് വേണു. അക്കാലത്തെ ഇവരുടെ സംഭാഷണമൊക്ക ഉള്ളിൽ പതിഞ്ഞിരുന്ന വേണുവിന് പിൽക്കാലത്തെ മികച്ച വായനയും ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പൂർണതയിലേക്കുള്ള ചവിട്ടുപടികളായി.
സുഖമോ ദേവിയായിരുന്നു ഇദ്ദേഹം ആദ്യമായി സംവിധാനംചെയ്ത ചിത്രം. 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രം തന്റെതന്നെ ആത്മകഥാംശങ്ങൾ ഉൾക്കൊണ്ട ചിത്രമാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. സർവകലാശാല, അയിത്തം, ലാൽ സലാം, ഏയ് ഓട്ടോ, കളിപ്പാട്ടം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയവ ഇദ്ദേഹം സംവിധാനംചെയ്ത ശ്രദ്ധേയ ചിത്രങ്ങളാണ്. സംവിധാനത്തിനൊപ്പംതന്നെ തിരക്കഥാരചനയിലും അഭിനയത്തിലും ഇദ്ദേഹം തിളങ്ങി.
തന്റെ സിനിമകളിലെ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിൽ വേണു കാണിച്ച പൂർണത, അദ്ദേഹത്തെ ചില ആശയങ്ങളുടെ വക്താവായി തെറ്റിദ്ധരിക്കുന്നതിനും ഇടയാക്കി. ആദ്യകാലങ്ങളിൽ ഈ കാൽപനികകാമുകൻ നേടിയ വിഷാദനായകൻ പട്ടം പിന്നീട് സുഖമോ ദേവി, സർവകലാശാല പോലുള്ള ചിത്രങ്ങളിലൂടെ ആദർശവാനായ നായകനെന്ന സങ്കൽപത്തിലേക്കു വഴിമാറി. ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനംചെയ്തതിലൂടെ രാഷ്ട്രീയ പരിവേഷമാണ് ചില പ്രേക്ഷകർ വേണുവിനു നൽകിയത്. എന്നാൽ, ഇതിനൊപ്പം ഇദ്ദേഹം രചന നിർവഹിച്ച കിലുക്കം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങളുടെ പട്ടികയിൽപ്പെടുന്പോൾ വേണുവിന്റെ നർമബോധവും പരിഗണിക്കേണ്ടതുണ്ട്. എങ്കിലും തികഞ്ഞ മാനുഷികത പുലർ ത്തുന്നവ ആയതിനാലാണ് വേണുവിന്റെ ചിത്രങ്ങൾ പ്രേക്ഷകർ എന്നും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നത്.
തയാറാക്കിയത്: സാലു ആന്റണി