പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
Thursday, March 1, 2018 5:16 PM IST
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിന്തിപ്പിച്ച സംവിധായകനാണ് കെ.പി. കുമാരൻ. കറതീർന്ന സർഗാത്മക സൃഷ്ടികൾ ഒരുക്കുന്പോൾ, അതിലൂടെ പൊതുസമൂഹത്തിൽ നിലംപറ്റിക്കിടക്കുന്ന ചില ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടാനും സാധിക്കുമെന്ന് ഇദ്ദേഹം തെളിയിച്ചു. ലക്ഷ്മിവിജയം, തേൻതുള്ളി, രുഗ്മിണി, തോറ്റം തുടങ്ങിയവ ഇദ്ദേഹത്തിന്റെ അമൂല്യസൃഷ്ടികളിൽപ്പെടുന്നവയാണ്.
കണ്ണൂരിലെ കൂത്തുപറന്പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. സുഹൃത്ബന്ധം, വായന, രാഷ്ട്രീയം ഇവയെല്ലാംകൊണ്ട് സന്പന്നമായ ഒരു ബാല്യകാലം ഇദ്ദേഹത്തിനു സമ്മാനിച്ചതിനു പിന്നിൽ ഗാന്ധിയനായ പിതാവായിരുന്നു. പഠനകാലത്ത് വിദ്യാഭ്യാസത്തിന് ഒന്നാംസ്ഥാനമൊന്നും കൊടുത്തിരുന്നില്ല. പഠനം ഇതിനെല്ലാമൊപ്പം പോകും. വിദ്യാഭ്യാസത്തിനുശേഷം സർക്കാർ സർവീസിൽ ഉദ്യോഗംനേടിയ ഇദ്ദേഹത്തിനു പക്ഷേ, ഉദ്യോഗത്തേക്കാൾ താൽപര്യം മറ്റു പല മേഖലകളിലുമായിരുന്നു. സാഹിത്യം, നാടകം, സിനിമ.. അതോടൊപ്പം സജീവമായ രാഷ്ട്രീയ പ്രവർത്തനവും. എങ്കിലും ഒരിക്കലും ഒരു രാഷ്ട്രീയ വ്യവസ്ഥിതിക്കും പൂർണമായും വഴങ്ങിക്കൊടുത്തിട്ടുമില്ല.
തിരുവനന്തപുരത്ത് ഉദ്യോഗസ്ഥനായിരുന്ന സമയത്ത് സിനിമയിൽ വലിയ താൽപര്യമുള്ള ഒരു സൗഹൃദ്സംഘം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീകുമാർ തിയറ്ററിൽ വന്നിരുന്ന ക്ലാസിക് ചിത്രങ്ങളുടെ ആസ്വാദനം സിനിമയെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകാൻ സഹായകമായി. പിൽക്കാലത്ത് സമാന്തര സിനിമകളുടെ കുലപതിയായി മാറിയ അടൂർ ഗോപാലകൃഷ്ണനുമായുള്ള ബന്ധമാണ് കെ.പി. കുമാരന്റെ ചലച്ചിത്രവഴികൾ തുറന്നത്. അടൂരും സുഹൃത്തുക്കളും ചേർന്നു രൂപംകൊടുത്ത ചിത്രലേഖ എന്ന ഫിലിം കോർപറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഇദ്ദേഹം. ചിത്രലേഖയുടെ ബാനറിൽ നിർമിച്ച, അടൂരിന്റെ മാസ്റ്റർപീസ് ചിത്രം സ്വയംവരത്തിന്റെ തിരക്കഥാ രചനയിൽ ഇദ്ദേഹവും പങ്കാളിയായിരുന്നു. കൂടാതെ സ്വയംവരത്തിന്റെ സംവിധാനത്തി ലും സഹായിച്ചു. സ്വയംവരത്തിനുശേഷം ചിത്രലേഖയുമായുള്ള ബന്ധം അവസാനിച്ചു.
അക്കാലത്താണ് ഇദ്ദേഹം ഏഷ്യാ 72 ഫിലിം ഫെസ്റ്റിവലിന്റെ മത്സരത്തിൽ പങ്കെടുക്കുന്നത്. 100 സെക്കൻഡിൽ കവിയാത്ത ഹ്രസ്വചിത്ര വിഭാഗത്തിൽ അവതരിപ്പിച്ചു വിജയംനേടിയ റോക്ക് ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.
ചിത്രലേഖയുമായുള്ള ബന്ധം അവസാനിച്ചതിനുശേഷം ഇദ്ദേഹത്തിന് ഐഡന്റിറ്റി തെളിയിക്കേണ്ടിവന്നു. നാടകത്തിലും അക്കാലത്തു സജീവമായിരുന്നു. സിനിമാനിർമാണത്തിൽ സ്വയം പരിശീലനം മാത്രമുള്ള ഇദ്ദേഹം തന്റെ അതിഥി എന്ന നാടകമാണ് ആദ്യം സിനിമയാക്കിയത്. 1975-ൽ റിലീസ് ചെയ്ത ഈ ചിത്രത്തിനു തിയറ്റർ വിജയം നേടാനായില്ലെങ്കിലും കേരളത്തിലാകമാനമുള്ള യുവാക്കൾ അത് ഹൃദയത്തിൽ ഏറ്റെടുത്തു. വർഷങ്ങൾ കഴിഞ്ഞിട്ടും അക്കാലത്ത് യുവാക്കളായിരുന്നവർ ഇന്നും ആ സിനിമയെപ്പറ്റി തന്നെ ഓർമിപ്പിക്കുമെന്ന് ഇദ്ദേഹം പറയുന്നു. മാത്രമല്ല, സിനിമ സംവിധായകരായ ടി.വി. ചന്ദ്രൻ, പവിത്രൻ, രാജീവ് കുമാർ തുടങ്ങിയവരെ സിനിമയിലേക്ക് ആകർഷിച്ചതുപോലും ഈ ചിത്രമാണെന്ന് അവർ പറയുന്നത് ഇദ്ദേഹത്തിന് അഭിമാനമേകുന്നു; ചിത്രത്തിന്റെ നിർമാണവും ഇദ്ദേഹമായിരുന്നതിനാൽ വ്യക്തിപരമായ നഷ്ടം ഉണ്ടായിരുന്നെങ്കിൽപ്പോലും.
തുടർന്നു സംവിധാനം ചെയ്ത ചിത്രം ലക്ഷ്മി വിജയമാണ്. അതിഥിയിൽനിന്നു വ്യത്യസ്തമായ പരിചരണം സ്വീകരിച്ച ഈ ചിത്രം ഏറെ പ്രേക്ഷകർ സ്വീകരിച്ചു. സുകുമാരൻ ആദ്യമായി നായകവേഷം അവതരിപ്പിച്ചത് ഈ ചിത്രത്തിലൂടെയാണ്. ഷാജി എൻ കരുണ് ആദ്യമായി സ്വതന്ത്ര കാമറാമാനായതും ഈ ചിത്രത്തിലൂടെതന്നെ.
സുകുമാരൻ- ശ്രീവിദ്യ ചിത്രം തേൻതുള്ളി, അശോകൻ, അഞ്ജു തുടങ്ങിയവർ അഭിനയിച്ച രുഗ്മിണി, എം.ആർ. ഗോപകുമാർ, ശിവജി തുടങ്ങിയവർ വേഷമിട്ട തോറ്റം എന്നിവ കൂടാതെ ആദിപാപം, കാട്ടിലെ പാട്ട്, നേരം പുലരുന്പോൾ തുടങ്ങിയ ചിത്രങ്ങളും ഇദ്ദേഹം സംവിധാനംചെയ്തു. ലോക പ്രശസ്ത നാടകാചാര്യനായ ഹെൻട്രിക് ഇബ്സന്റെ പ്രസിദ്ധ നാടകമായ ദ മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി ഒരുക്കിയ ആകാശ ഗോപുരത്തിൽ മോ ഹൻലാലാണ് നായകനായത്.
തയാറാക്കിയത്: സാലു ആന്റണി