സൂപ്പർഹിറ്റുകളുടെ തോഴനായ ശശികുമാർ
Thursday, February 15, 2018 4:02 PM IST
ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുക്കി മൂന്നു പതിറ്റാണ്ടോളം മലയാള സിനിമ ഭരിച്ച സംവിധായകനാണ് ശശികുമാർ. 1970-80കളിലെ വാണിജ്യ സിനിമയിൽ "മിനിമം ഗ്യാരണ്ടി’ ഉറപ്പുനൽകിയിരുന്ന ശശികുമാർ എന്ന പേരിനുണ്ടായിരുന്ന മൂല്യം അത്രയ്ക്കു ശക്തമായിരുന്നു. മലയാള സിനിമയുടെ വിപണിമൂല്യം നിശ്ചയിക്കുന്നതിൽ ശശികുമാർ ആവിഷ്കരിച്ച സൂത്രവാക്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയാണ് ശശികുമാർ. ജോണ് എന്നാണു യഥാർഥ പേര്. എറണാകുളം തേവര കോളജിലും ആലപ്പുഴ എസ്.ഡി കോളജിലുമായി വിദ്യാഭ്യാസം നടത്തി. ഫുട്ബോൾ പ്രേമവും കലാ പ്രവർത്തനങ്ങളുമൊക്കെ ഇതിനൊപ്പമുണ്ടായിരുന്നു. പഠനശേഷം കൂടെയുണ്ടായിരുന്നവരൊക്കെ മറ്റു ജോലികൾ തേടിയപ്പോൾ ശശികുമാർ മുഴുവൻ സമയ കലാപ്രവർത്തനത്തിലേക്കു വഴിമാറി. അമച്വർ നാടകങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം 1952-ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു ചലച്ചിത്രരംഗത്തു പ്രവേശിക്കുന്നത്. പ്രേം നസീറായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള അടുപ്പമാണ് ഈ സിനിമാ പ്രവേശനത്തിനു വഴിയൊരുക്കിയത്. ജോണ് എന്ന പേരിനു സിനിമയിൽ വിജയസാധ്യതയില്ല എന്നു തോന്നിയിട്ടാവണം കുഞ്ചാക്കോ പുതിയൊരു പേരുതേടി തിക്കുറിശിയുടെ അടുത്തെത്തി. അങ്ങനെ ജോണ്, ശശികുമാറായി രൂപാന്തരം പ്രാപിച്ചു.
അഭിനയവുംമറ്റുമായി കുറച്ചുകാലംകൂടി ഉദയാ സ്റ്റുഡിയോയിൽ പ്രവർത്തിച്ചതിനുശേഷം തിരുവനന്തപുരത്തെ മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിയതോടെയാണ് സംവിധാനത്തിൽ ശ്രദ്ധ പതിപ്പിച്ചത്. മെറിലാൻഡ് സുബ്രഹ്മണ്യത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായി മാറി. അവിടെനിന്നും സംവിധാനത്തിന്റെ ബാലപാഠങ്ങളെല്ലാം അഭ്യസിച്ച ശശികുമാർ, പ്രേംനസീറുമായി ദൃഢമായ സൗഹൃദത്തിലുമായി. നസീറിന്റെ നിർദേശപ്രകാരം ചെന്നൈയിലേക്കു താമസംമാറ്റിയ ഇദ്ദേഹം ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിൽ പി. തോമസിനൊപ്പം സംവിധായകനായി തുടക്കം കുറിച്ചു. തുടർന്നു തൊമ്മന്റെ മക്കൾ, പോർട്ടർ കുഞ്ഞാലി, കുടുംബിനി തുടങ്ങിയ വിജയ ചിത്രങ്ങളെത്തുടർന്ന് ലൗ ഇൻ കേരള എന്ന വന്പൻ കൊമേഴ്സ്യൽ ഹിറ്റിന്റെയും ഭാഗമായി. ഹിറ്റ്മേക്കർ പട്ടം നേടിയ ഇദ്ദേഹത്തിന്റെ പടയോട്ടം ഇതോടെ ആരംഭിക്കുകയായിരുന്നു. തുടരെത്തുടരെ ഹിറ്റുകൾ സൃഷ്ടിച്ച് വിജയക്കൊടി പാറിച്ചുമുന്നേറിയ ഈ സംവിധായകൻ മലയാള ചലച്ചിത്രമേഖലയിലെ പ്രഗത്ഭരെപ്പോലും അന്പരപ്പിച്ചു.
""ഒന്നര ലക്ഷം രൂപ മുടക്കാൻ തയാറുള്ള നിർമാതാവുണ്ടെങ്കിൽ സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന സിനിമ നാലു പ്രിന്റുകൾ സഹിതം റിലീസിനു തയാർ. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യും. സ്ക്രിപ്റ്റ് തയാറായിരിക്കും. ഒറ്റ രാത്രികൊണ്ട് കഥയും തിരക്കഥയുമുണ്ടാക്കി അടുത്ത ദിവസം ഷൂട്ടിംഗ് തുടങ്ങിയ കഥയുമുണ്ട്. ആദ്യപടത്തിനു കിട്ടിയ പ്രതിഫലം 250 രൂപ, ഒടുവിൽ ചെയ്തതിനു കിട്ടിയത് അഞ്ചു ലക്ഷം.'' - ശശികുമാർ തന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചു മുൻപൊരിക്കൽ അനുസ്മരിച്ചത് ഇപ്രകാരമാണ്. ഒരു ദിവസം മൂന്നു ചിത്രങ്ങൾക്കുവരെ സംവിധാനം നിർവഹിച്ച ഇദ്ദേഹം, 1980-ൽ 13 ചിത്രങ്ങൾ സംവിധാനം ചെയ്തു റിക്കാർഡിട്ട വ്യക്തികൂടിയാണ്.
പ്രേം നസീറായിരുന്നു ശശികുമാറിന്റെ ശക്തി. പ്രേം നസീർ ജനപ്രിയ താരമായതും സോമനും സുകുമാരനും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയതും ശശികുമാർ ചിത്രങ്ങളിലൂടെയാണ്. സിനിമ നിർമിച്ച് കടംകയറി നശിച്ച പല നിർമാതാക്കളെയും കരകയറ്റാൻ ശശികുമാറും പ്രേംനസീറും സഹായിച്ചു. ശശികുമാർ ആകെ സംവിധാനം ചെയ്ത 130 ചിത്രങ്ങളിൽ 84-ലും നസീറായിരുന്നു നായകൻ. ഒരു സംവിധായകനും നായകനടനും ഇത്രയും ചിത്രങ്ങളിൽ ഒന്നിച്ച ഈ അത്യപൂർവ കാഴ്ചയ്ക്ക് ലോക സിനിമയിൽതന്നെ മറ്റൊരു സമാനതയില്ല. നസീർ- ഷീല ജോഡികളെ പ്രേക്ഷകർക്കു പ്രിയങ്കരമാക്കി മാറ്റിയതും ഇദ്ദേഹമാണ്. നസീറും ഷീലയും ജോഡിയായി അഭിനയിച്ച 67 ചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കിയത്. ജയഭാരതി, കവിയൂർ പൊന്നമ്മ, കുഞ്ചൻ, ജഗതി, വിൻസന്റ്, വിജയശ്രീ... മലയാള സിനിമയ്ക്കു ഇദ്ദേഹം പരിചയപ്പെടുത്തിയ താരങ്ങൾ വിരലിലെണ്ണാവുന്നതല്ല. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഡോളറാണ് അവസാനചിത്രം.
ഇന്പമാർന്ന ഗാനങ്ങൾ ശശികുമാർ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു. എം.കെ. അർജുൻ- ശ്രീകുമാരൻ തന്പി ടീം ശ്രദ്ധ നേടിയത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. 2014-ൽ ഇദ്ദേഹം അന്തരിച്ചു.
തയാറാക്കിയത്: സാലു ആന്റണി