കെ.എൻ. ശശിധരൻ
Friday, December 22, 2017 5:06 AM IST
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയിരുന്ന കെ.എൻ. ശശിധരൻ ടെലിവിഷൻ ആധിപത്യം സ്ഥാപിച്ച എണ്‍പതുകളിൽ കലാരംഗത്തേക്ക് ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണ്. അവസരങ്ങളുടെ പെരുമഴക്കാലമായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമൊക്കെയായി തിരക്കോടു തിരക്ക്. അതുകൊണ്ടുതന്നെ ഫീച്ചർ ഫിലിം രംഗത്തേക്കു കടക്കാൻ അല്പം താമസിച്ചു. നാമമാത്രമായ ചിത്രങ്ങൾ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ഒരു മികച്ച പ്രതിഭയുടെ സാന്നിധ്യം ആ സൃഷ്ടികളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമായി.
ഗുരുവായൂരിലെ ഒരു ഹൈ സ്കൂൾ ഹെഡ്മാസ്റ്ററുടെ മകനായ ശശിധരൻ ചെറുപ്പത്തിൽ സിനിമ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന വ്യക്തിയൊന്നുമായിരുന്നില്ല. ആലുവ യു.സി. കോളജിലെ പഠനകാലത്ത് മൂവിക്ലബ് പ്രദർശിപ്പിച്ച ഒരു ചിത്രം കണ്ടതോടെയാണ് സിനിമയോടുള്ള അഭിനിവേശം ഇദ്ദേഹത്തിന് ഉണ്ടായത്. ബംഗാളി സംവിധായകനായ ഋഥ്വിക് ഘട്ടകിന്റെ സുവർണരേഖ എന്ന ചിത്രമായിരുന്നു ശശിധരനെ സ്വാധീനിച്ചത്. അന്നു കണ്ട ആ ചിത്രം തന്റെ ഭാവിജീവിതത്തിലേക്കുള്ള വഴിത്തിരിവാകുമെന്ന് അദ്ദേഹംപോലും കരുതിയതേയില്ല. സിനിമാമോഹം തീവ്രമായതോടെ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കാൻ ഇദ്ദേഹം തീരുമാനിച്ചു. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പ്രശസ്ത സംവിധായകൻ മൃണാൾ സെൻ ശശിധരനോട് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചു ചോദിച്ചു. ഋഥ്വിക് ഘട്ടക്കിന്റെ സുവർണരേഖയാണ് പെട്ടെന്ന് ശശിധരന്റെ മനസിലേക്ക് ഓടിയെത്തിയത്. ചിത്രത്തെക്കുറിച്ചു വാചാലനായ ഈ ദക്ഷിണേന്ത്യക്കാരൻ പയ്യനെ മൃണാൾസെൻ അന്പരപ്പോടെ നോക്കി. എന്തായാലും ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനം അതോടെ ഉറപ്പായി. ബിരുദംനേടിയതിനുശേഷം കാമറാമാൻ മധു അന്പാട്ടുമായി ചേർന്ന് കാനേഷുമാരി എന്നൊരു ചിത്രമൊരുക്കാൻ പദ്ധതിയിട്ടെങ്കിലും പാതിവഴിയിൽ ഈ ചിത്രം ഉപേക്ഷിക്കേണ്ടിവന്നു.
1984-ൽ അക്കരെ എന്ന ചിത്രവുമായി മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് ഇദ്ദേഹം കടന്നുവന്നു. സംവിധാനത്തിനൊപ്പം തിരക്കഥാ രചനയും നിർമാണവും നിർവഹിച്ചതും ഇദ്ദേഹംതന്നെ. ഭരത് ഗോപി, നെടുമുടി വേണു, മാധവി എന്നിവരോടൊപ്പം മമ്മൂട്ടിയും മോഹൻലാലും ഈ ചിത്രത്തിൽ വേഷമിട്ടു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തഹസിൽദാർ ഗോപിയെ ഭരത് ഗോപിയാണ് അവതരിപ്പിച്ചത്. ഗോപിയുടെ ഭാര്യയായ പത്മാവതി എന്ന കഥാപാത്രമായി മാധവിയും എത്തി. സമൂഹത്തിൽ വിലമതിക്കപ്പെടുന്ന ആളാണെങ്കിലും ഭാര്യയും മകനും ഉൾപ്പെടുന്ന തന്റെ കുടുംബത്തെ വരുതിയിൽ നിർത്താൻ ഗോപിക്കു സാധിക്കുന്നില്ല. ഭാര്യയുടെ അത്യാഗ്രഹമാണ് ഇതിനു കാരണം. നാട്ടിലെ ജോലി ഉപേക്ഷിച്ച് ഗൾഫിൽപോയി ജോലിചെയ്താൽ തങ്ങളുടെ സാന്പത്തിക പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് പത്മാവതിയുടെ കണ്ടെത്തൽ. നിർവാഹമില്ലാതെ ഗോപിയും ഈ തീരുമാനത്തിനു വഴങ്ങുന്നു. ഗൾഫിൽപോയി പണക്കാരായി തിരിച്ചെത്തിയവരെ കണ്ട് ഗോപി ഉപദേശങ്ങൾ തേടുകയാണ്. ഒപ്പം പല വിധത്തിലുള്ള ജോലി പരിശീലനങ്ങളും. പക്ഷേ, ഒന്നും ഫലവത്താകുന്നില്ല. ഒടുവിൽ ഉണ്ടായിരുന്ന ജോലി നഷ്ടമായി എന്നു മാത്രമല്ല, മാനക്കേടു മിച്ചവും. രസകരമായ അവതരണത്തിലൂടെ മനോഹരമായൊരു ആശയം പ്രേക്ഷകരിലേക്കെത്തിക്കാൻ ശശിധരനു കഴിഞ്ഞു.
തൊട്ടടുത്ത വർഷം കാണാതായ പെണ്‍കുട്ടി എന്ന ചിത്രവുമായി വീണ്ടും പ്രേക്ഷകർക്കു മുന്‍പിലേക്ക് ശശിധരൻ എത്തി. വ്യത്യസ്തമായ ഒരു കുറ്റാന്വേഷണചിത്രം അടിമുടി ത്രില്ലർ സ്വഭാവം നിലനിർത്തി അവതരിപ്പിക്കാൻ ശശിധരൻ കാണിച്ച പാടവം അംഗീകരിക്കപ്പെട്ടു. ഭരത് ഗോപി, മമ്മൂട്ടി, ജയഭാരതി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാണാതായ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണവുമായാണു ചി ത്രം തുടങ്ങുന്നത്. പെണ് കുട്ടി കൊലചെയ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നു. പെണ്‍കുട്ടിയോട് ഏറെ അടുപ്പമുള്ളവരാണ് കൊലചെയ്തതെന്നു വ്യക്തം. പക്ഷേ, അതാരാണെന്നുള്ള ചോദ്യത്തിന് ഉത്തരം തേടുന്ന ചലച്ചിത്രത്തിൽ അടിമുടി സസ്പെൻസ് നിലനിർത്തി പ്രേക്ഷകരെ കൂടെക്കൂട്ടാൻ സംവിധായകനു കഴിയുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായമുള്ള നവസിനിമയുടെ വക്താക്കൾക്കുപോലും സാധിക്കാത്തവിധമുള്ള പ്രകടനമാണ് ശശിധരൻ ഈ ചിത്രത്തിലൂടെ കാഴ്ചവച്ചത്.
തയാറാക്കിയത്: സാലു ആന്റണി