പ്രമുഖ ബോളിവുഡ് നടി ഊർമിള മാതോന്ദ്കർ കോണ്‍ഗ്രസിൽ. ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് ഊർമിള കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സമത്വത്തിൽ വിശ്വസിക്കുന്ന നേതാവിന്റെ പാർട്ടിയായതിനാലാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ഊർമിള പറഞ്ഞു. എല്ലാവർക്കും അവസരം നൽകുന്നതിൽ പാർട്ടി വിശ്വസിക്കുന്നു. ആരോടും ദേശസ്നേഹം തെളിയിക്കാൻ അത് ആവശ്യപ്പെടില്ലെന്നും ഊർമിള കൂട്ടിച്ചേർത്തു.
മുംബൈ നോർത്ത് മണ്ഡലത്തിൽ ഊർമിള സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. പ്രമുഖ നടൻ ഗോവിന്ദ 2004ൽ കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ച മണ്ഡലമാണു മുംബൈ നോർത്ത്. ബിജെപി കോട്ടയാണു മുംബൈ നോർത്ത് മണ്ഡലം. 2014ൽ ബിജെപിയിലെ ഗോപാൽ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്.
ഇത്തവണ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലാണു നിരുപം മത്സരിക്കുന്നത്. 1980ൽ ബാലതാരമായാണ് ഊർമിള ചലച്ചിത്രരംഗത്തെത്തിയത്. രംഗീല, ഇന്ത്യൻ, ജുദായി, സത്യ, മസ്ത്, ദില്ലഗി, ഖൂബ്സൂരത് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.