"റഡാറുകളെ കബളിപ്പിക്കാൻ കാർമേഘങ്ങൾ സഹായിക്കുമെന്ന’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ "നൈസായി ട്രോളി’ കോണ്‍ഗ്രസ് സ്ഥാനാർഥിയും നടിയുമായ ഉൗർമിള മണ്ഡോത്കർ. ട്വിറ്ററിൽ വളർത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഉൗർമിളയുടെ പ്രതികരണം.
മേഘങ്ങളില്ലാത്ത, തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി. അതുകൊണ്ട് എന്റെ അരുമ റോമിയോയുടെ കാതുകൾക്ക് റഡാർ സിഗ്നലുകൾ കൃത്യമായി ലഭിക്കും- ഉൗർമിള ട്വിറ്ററിൽ കുറിച്ചു. വടക്കൻ മുംബൈയിൽനിന്നാണ് ഉൗർമിള മത്സരിക്കുന്നത്.
വാർത്താ ചാനലായ ന്യൂസ് നേഷന്‍ നൽകിയ അഭിമുഖത്തിനിടെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. മഴമേഘങ്ങൾ റഡാറുകളെ മറയ്ക്കുമെന്ന് സൈന്യത്തെ ഉപദേശിച്ചെന്നായിരുന്നു മോദിയുടെ പരാമർശം.
പിന്നാലെ 1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ചിരുന്നെന്നും അതിലെടുത്ത എൽ.കെ. അഡ്വാനിയുടെ ചിത്രം ഇ-മെയിലിലൂടെ ഡൽഹിയിലേക്ക് അയച്ചെന്നുമാണ് മോദി അവകാശപ്പെട്ടത്. "ഏതാണ്ട് 1987-88ലാണ് ഞാൻ ആദ്യമായി ഡിജിറ്റൽ കാമറ ഉപയോഗിക്കുന്നത്. വളരെ കുറച്ചു പേർക്കേ കാമറയും ഇ-മെയിലും ഉണ്ടായിരുന്നുള്ളൂ. അന്ന് അഡ്വാനി ഒരു റാലിയിൽ പങ്കെടുത്തിരുന്നു.
റാലിയിൽവച്ച് ഡിജിറ്റൽ കാമറ ഉപയോഗിച്ച് അഡ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ഡൽഹിയിലേക്ക് ഇ-മെയിലിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. അതിന്റെ കളർ പ്രിന്റെടുത്തു. കളർ ഫോട്ടോ കണ്ട് അഡ്വാനി അദ്ഭുതപ്പെടുകയും ചെയ്തു’- മോദി വിശദമാക്കി. ഇതോടൊപ്പം 1990ൽ ടച്ച് സ്ക്രീനിൽ എഴുതുന്ന പേന (സ്റ്റൈലസ് പെൻ) ഉപയോഗിച്ചിരുന്നെന്നും അഭിമുഖത്തിൽ മോദി അവകാശപ്പെടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.