പ്രണയബന്ധങ്ങളിൽ ആകുക, കിടക്ക പങ്കിടുക തുടങ്ങി ബോളിവുഡിലെ മുൻനിര നായകന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കാതിരുന്നതിനാലാകാം തനിക്ക് സിനിമയിൽ അഹങ്കാരി എന്ന പേരു കിട്ടാൻ കാരണമായതെന്ന് കഴിഞ്ഞകാല ബോളിവുഡ് നായിക രവീണാ ടണ്ഡൻ. തനിക്ക് സിനിമയിൽ ഗോഡ്ഫാദർമാർ ഇല്ലായിരുന്നെന്നും താൻ ഒരു ക്യാന്പിന്റെയും ആളായിരുന്നുമില്ലെന്നും രവീണ ഒരു അഭിമുഖത്തിൽ തുറന്നടിച്ചു.
എന്നെ പ്രമോട്ട് ചെയ്യാൻ ബോളിവുഡിൽ നായകന്മാർ ഇല്ലായിരുന്നു. അവസരങ്ങൾക്കായി നായകന്മാർക്കൊപ്പം ഞാൻ കിടന്നിട്ടില്ല. ആരുമായും പ്രണയബന്ധത്തിലും അകപ്പെട്ടില്ല. നായകന്മാർ എന്നോട് ആവശ്യപ്പെട്ടതൊന്നും ഞാൻ ചെയ്തുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഞാനൊരു അഹങ്കാരിയായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. നായകന്മാർ ചിരിക്കാൻ പറയുന്പോൾ ചിരിക്കാനും ഇരിക്കാൻ പറയുന്പോൾ ഇരിക്കാനും ഞാൻ കൂട്ടാക്കിയില്ല. അതുമൂലം അനേകം റോളുകൾ നഷ്ടമായിട്ടുണ്ട്. അഹങ്കാരിയായി പരിഗണിച്ച് അനേകം മോശം കാര്യങ്ങൾക്ക് താൻ വിഷയമാകുകയും ചെയ്തിട്ടുണ്ട്.
മാധ്യമപ്രവർത്തകർ എനിക്കെതിരേ എഴുതി. സ്ത്രീപക്ഷത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന വനിതാ ജർണലിസ്റ്റുകൾ പോലും എനിക്കൊപ്പം നിലകൊണ്ടിട്ടില്ല. അവരും നായകന്മാർക്കും അവരുടെ കാമുകിമാർക്കും പിന്നാലെയായിരുന്നു. അതേസമയം എനിക്കെതിരേ എഴുതിയിരുന്നവർ മറ്റ് സ്ത്രീകൾക്കായി എല്ലാ ഫേവറുകളും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു എന്നതാണ് ഏറെ ഞെട്ടിച്ചത്. ഇവരെല്ലാമാണ് ഇപ്പോൾ ഫെമിനിസത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നതും വനിതാവിമോചനം സംബന്ധിച്ച കോളമെഴുതുന്നതും.
യുവനടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയ സംഭവം ബോളിവുഡിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കവേയാണ് രവീണാ ടണ്ഡന്റെ വെളിപ്പെടുത്തലും വന്നിരിക്കുന്നത്. പോരാട്ടം നടത്തിയാണ് താൻ കരിയർ തിരിച്ചു പിടിച്ചതെന്നു രവീണ നേരത്തെ പറഞ്ഞിരുന്നു.
സത്യം തുറന്നു പറയുന്നവരെ നുണയരെന്ന് വിളിക്കും. അവർക്കെതിരേ നിരന്തരം വ്യാജവാർത്തകൾ നൽകി അവരുടെ കരിയർ നശിപ്പിക്കും. നായകന്മാരാലും അവരുടെ പെണ്സുഹൃത്തുക്കളാലും സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. ചിലരെല്ലാം അതിനെ അതിജീവിച്ച് മുന്നേറുമെന്ന് രവീണ കുറിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.