ജെഎൻയുവിൽ മുഖംമൂടി ആക്രമണത്തിന് ഇരയായ വിദ്യാർഥികളെ ബോളിവുഡ് നടി ദീപിക പദുക്കോൺ സന്ദർശിച്ചത് ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും മറ്റുള്ളവർക്ക് ധൈര്യം പകരുന്നതാണെന്നും അനുരാഗ് കശ്യപ്. വിദ്യാർഥി നേതാവ് ഐഷി ഘോഷിന് മുന്നിൽ കൈകൾ കൂപ്പിനിൽക്കുന്ന ദീപികയുടെ ചിത്രം ശക്തമായ സന്ദേശമാണ് നൽകുന്നത്. ഇത് ഐക്യദാർഡ്യത്തിന്റെ വെറുമൊരു സന്ദേശം മാത്രമല്ല, നിങ്ങളുടെ വേദന ഞാൻ അറിയുന്നു എന്നാണ് അത് പറയുന്നത്- ദീപികയെ അഭിനന്ദിച്ച് കശ്യപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജെഎൻയു കാമ്പസിൽ എത്തിയ ദീപിക പദുക്കോൺ പരിക്കേറ്റ വിദ്യാർഥികളുമായി സംസാരിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. തൊഴുകൈകളോടെ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്ക്കുന്ന ദീപികയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ജെഎന്‍യുവിലെ വിദ്യാർഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്ക്കുന്ന ദീപികയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു.
എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവർക്കും അവളുടെ പ്രവർത്തിയിലൂടെ ലഭിച്ചത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. ദീപിക ഈ ഭയത്തെ നിരാകരിച്ചു. അതുകൊണ്ടാണ് ആ ചിത്രം ഇത്ര ശക്തമായിരിക്കുന്നത്-കശ്യപ് പറഞ്ഞു.
ജനങ്ങൾ ഭയത്തിൽ ജീവിച്ച് മടുത്തു, ഭയത്തിൽ ജീവിച്ച് തളർന്നു. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനിക്കാനാണ് മുഖ്യധാരാ ബോളിവുഡ് എപ്പോഴും ശ്രമിക്കുന്നത്. എല്ലാവരും ഒരുനാള്‍ അത് താണ്ടുമെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും കശ്യപ് വ്യക്തമാക്കി. ""ഞാന്‍ പോലീസിനെയോ സര്‍ക്കാരിനെയോ അധികൃതരെയോ ഭയക്കുന്നില്ല. ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടാല്‍ തിരിച്ച് പോരാടാനുള്ള അവകാശമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ തെരുവിലെ ഭ്രാന്തനായ ഒരാള്‍ ആക്രമിച്ചാല്‍ എന്തും ചെയ്യും. ആ ഭയമാണ് നമുക്കുള്ളത്... നിങ്ങൾ മോദിക്കൊപ്പമാണ്. നിങ്ങള്‍ ദേശസ്നേഹിയാണ്, നിങ്ങള്‍ രാജ്യത്തിന്റെ പോരാളിയാണ്. അവർ ഒരു സാങ്കല്‍പ്പിക യുദ്ധം, സാങ്കല്‍പ്പിക ശത്രുവിനെ രാജ്യത്തിനകത്തുതന്നെ നിർമിച്ചിട്ടുണ്ട്'' - അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
ഈ സർക്കാർ ഒന്നും കേൾക്കുന്നില്ല. അവർ പ്രസംഗങ്ങൾ മാത്രമാണ് നൽകുന്നത്. അവർ പത്രസമ്മേളനങ്ങൾ നടത്തുന്നില്ല, സംവാദങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ സർക്കാർ ഒരു നന്മയും ചെയ്യണമെന്ന് ആഗ്രഹമില്ലെന്ന് താൻ 100 ശതമാനം വിശ്വസിക്കുന്നു, അവർ നിയന്ത്രിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്- കശ്യപ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.