ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീർ സിംഗും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 14,15 തീയതികളിലായാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ചടങ്ങ്. ഇതിന്റെ ചിത്രങ്ങളും വിഡീയോകളുമെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
ഒന്നാം വിവാഹ വാർഷികത്തിന് മുന്നോടിയായി ഇരുവരും നടത്തിയ തിരുപ്പതി ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരിക്കുന്നു. വലിയ ആഘോഷങ്ങളില്ലാതെ വിവാഹ വാർഷികം തീർഥാടനമാക്കി മാറ്റാനാണ് ഇരുവരുടെയും തീരുമാനമെന്ന് അറിയുന്നു. ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ദീപിക തന്നെയായിരുന്നു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനയ്ക്കും ആശംസകൾക്കും നന്ദി എന്നായിരുന്നു ദീപിക പദുകോണ്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും ക്ഷേത്രദർശനത്തിനായി പോയത്. വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും അമൃത്സറിലെ സുവർണ ക്ഷേത്രത്തിലും ദർശനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച 83 എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ രണ്‍വീറിന്റെ ഭാര്യയായി തന്നെയാണ് ദീപിക എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.