സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു. അവസരങ്ങൾ നിഷേധിച്ചതാണ് താരത്തെ വിഷാദത്തിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം.
എന്നാൽ സുശാന്തിന് തന്റെ ചിത്രങ്ങളിൽ അവസരം നൽകാതിരുന്നതിൽ തന്റേതായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. താരത്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് അനുരാഗ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.
സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുൻപുള്ള ചാറ്റാണ് പുറത്തുവിട്ടതിൽ. മെയ് 22 ന് മാനേജരുമായാണ് അനുരാഗ് സംസാരിച്ചത്. സുശാന്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നാണ് മാനേജർ ആവശ്യപ്പെടുന്നത്. അതിന് സുശാന്ത് പ്രശ്നക്കാരനാണെന്നും ആദ്യം മുതലേ തനിക്ക് അറിയാമെന്നുമാണ് അനുരാഗിന്റെ മറുപടി. ഈ സമയത്ത് ഈ വിവരങ്ങൾ പുറത്ത് വിടേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എന്നാൽ ഇപ്പോൾ ആവശ്യമാണെന്നു തോന്നിയതുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുശാന്തിനൊപ്പം ജോലി ചെയ്യാനാവില്ല
സുശാന്തിനൊപ്പെം ജോലി ചെയ്യാൻ തനിക്ക് താൽപര്യക്കുറവുണ്ടായിരുന്നു. അതിന് അതിന്റേതായ കാരണങ്ങളുണ്ടെന്നും അനുരാഗ് കശ്യപ് ട്വീറ്റിൽ വിശദമാക്കുന്നു. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ വീണ്ടും മാനേജറുമായി അനുരാഗ് കശ്യപ് സംസാരിച്ചതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ സുശാന്തിന്റെ കുടുംബത്തെക്കുറിച്ചെല്ലാം അനുരാഗ് അന്വേഷിക്കുന്നുണ്ട്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കടത്തു കേസിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിയയെ മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടുന്നു എന്നാരോപിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. അനുരാഗും റിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സുശാന്തിനെ വ്യക്തമായി അറിയാമെന്നും മരിച്ച ഒരാൾക്ക് ബഹുമാനം നൽകുന്നതിനായാണ് ഇതുവരെ നിശബ്ദത പാലിച്ചതെന്നും അനുരാഗ് കുറിച്ചു.
നിരപരാധിയെന്ന് റിയ
അതേസമയം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി. നർക്കോടിക്ക്സ് സ്പെഷൽ കോടതിയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. താൻ നിരപരാധിയാണെന്നും കേസിൽ തെറ്റായി പ്രതിച്ചേർത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിയ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും റിയ തന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.
തന്നെ ചോദ്യം ചെയ്യാൻ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നു. ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീക്കൊപ്പം ഒരു വനിത ഉദ്യോഗസ്ഥ ഉണ്ടാകണമെന്ന് ഷീല ബാർസെയ കേസിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ നിർദേശം അന്വേഷണ സംഘം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാ ചക്രബർത്തി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇതിനായി അനധികൃതമായി പണം ചെലവഴിച്ചതിനുമാണ് റിയയ്ക്കും സഹോദരനുമെതിരേ കേസെടുത്തിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും പത്ത് വർഷത്തിൽ കുറയാതെ തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.