അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാനും വിദഗ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) രൂപകല്പന ചെയ്ത "കൂൾ’ (കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) സംവിധാനം വഴി നടത്തുന്ന കോഴ്സിന് സർക്കാർ അംഗീകാരം നൽകി ഉത്തരവായി. സംസ്ഥാനത്ത് അധ്യാപകർ അവരുടെ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സ് പാസാകണമെന്ന് 2011 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.
"കൂൾ’ സംവിധാനം ഉപയോഗിച്ച് നടത്തുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന അധ്യാപകർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
നിലവിൽ പ്രൊബേഷൻ പൂർത്തിയാക്കാനുള്ള 4100 അധ്യാപകർ "കൂളിൽ' രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലാദ്യമായി ഒരു ഓൺലൈൻ കോഴ്സിന് സർക്കാർ അംഗീകാരം നൽകിയത് ’കൂൾ’ വഴിയുള്ള കോഴ്സിനാണ്. ആദ്യഘട്ടത്തിൽ അധ്യാപകർക്ക് മാത്രമാണെങ്കിലും ക്രമേണ പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് "കൂളി’ൽ കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്. സർക്കുലർ www.kite.kerala. gov.inൽ ലഭ്യമാണ്.