കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോണ്‍ ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ. ജൂണ്‍ 4 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
കോഴ്സ്, ഒഴിവുകൾ, യോഗ്യത
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂണ്‍ 159-ാം കോഴ്സ് (100 ഒഴിവ് എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2001 ജൂലൈ രണ്ടിനു മുന്‍പും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
നേവൽ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറൽ സർവീസ്/ഹൈഡ്രോ (32 ഒഴിവ്- നേവൽ വിംഗിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ) അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുന്‍പും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനിയറിംഗ് ബിരുദം.
എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 218 (എഫ് (പി) കോഴ്സ് പ്രീഫ്ളൈയിംഗ് (32 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2001 ജൂലൈ രണ്ടിനു മുന്‍പും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസുവരെയാകാം.
25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം. ഈ മൂന്നു കോഴ്സുകളും 2025 ജൂലൈയിൽ തുടങ്ങും.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ പുരുഷൻമാർക്കുള്ള 122-ാം എസ്എസ്സി കോഴ്സ് (276 ഒഴിവ്): അവിവാഹിതരായ പുരു ഷൻമാർക്കാണ് അവസരം. 2000 ജൂലൈ രണ്ടിനു മുന്‍പും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ-36-ാം എസ്എസ്സി (വിമൻ) (നോണ്‍ ടെക്നിക്കൽ) കോഴ്സ് (19 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. 2000 ജൂലൈ രണ്ടിനു മുന്‍പും 2006 ജൂലൈ ഒന്നിനുശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/ തത്തുല്യം.
മേൽപറഞ്ഞ രണ്ടു കോഴ്സും 2025 ഒക്ടോബറിൽ തുടങ്ങും. ഓഫിസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മീഷനിലേക്കു മാ ത്രമേ സ്ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2025 ജൂലൈ ഒന്നിനു മുന്‍പും എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 മേയ് 13നു മുന്‍പും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 ഒക്ടോബർ ഒന്നിനു മുന്‍പും യോഗ്യതാരേഖ സമർപ്പിക്കണം.
എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാഫീസ്: 200 രൂപ. എസ്ബിഐ ശാഖയിലൂടെയോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം വെബ്സൈറ്റിൽ.
= www.upsc.gov.in