8, 9, 10 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളിൽനിന്നും if clauseന്റെ ഉപയോഗം കുട്ടികൾ മനസിലാക്കിയിട്ടുണ്ടല്ലോ. ജീവിതത്തിലുടനീളം ഉപകരിക്കുന്ന ഒരു language element ആണ് conditional clause. നാം കേൾക്കേണ്ടിവരുന്നതും നമുക്ക് ആവശ്യമായി വരുന്നതുമായ പല വാക്യങ്ങളിലും If clause ഉപയോഗിക്കേണ്ടി വരും. PSC പരീക്ഷകളിൽ 20 മാർക്കിനുള്ള ചോദ്യങ്ങളിൽ If clause ഉൾപ്പെടുന്ന ഒന്നോ രണ്ടോ ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ, ഇംഗ്ലീഷ് ഭാഷയുടെ ഒരു “ലിവിംഗ് പൂൾ’’ കുട്ടിക്ക് എല്ലാ അവസരങ്ങളിലും കിട്ടാതെ വരുന്നതിനാലും ആവർത്തന സാധ്യത മനസിലാക്കി പഠനം ഉറപ്പിക്കാത്തതിനാലും If clause സധൈര്യം കൈകാര്യം ചെയ്യുന്നവർ കുറവാണ്. conditional clause പ്രധാനമായും മൂന്നു തരത്തിലാണ്.
Type 1 Conditionals
ഇവിടെ ഒരു യാത്രയ്ക്കു തയാറെടുക്കുന്ന കുടുംബത്തെ നമുക്കൊന്ന് പരിചയപ്പെടാം.
11.25 amന് പുറപ്പെടുന്ന ട്രെയിനിനു പോകാൻ തന്റെ കുടുംബത്തോടു നിർദ്ദേശിക്കുന്ന അച്ഛൻ (സമയം 10.00 am)
“If we start at 10.30 am we will get the train”
എന്നാൽ, കുട്ടികളെയൊക്കെ തയാറെടുപ്പിച്ച് പോകാനിറങ്ങുന്പോൾ സമയം 10.45 am. 15 മിനിറ്റ് വൈകിയുള്ള ഈ പുറപ്പെടൽ ട്രെയിൻ കിട്ടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. എങ്കിലും അവർ യാത്ര പുറപ്പെടുന്നു.
Type 2 Conditionals
യാത്രാമദ്ധ്യേ പശ്ചാത്താപത്തോടെ ഇങ്ങനെ പറയും
“If we started at 10.30 am we would get the train” നടക്കാതെ പോയ ഈ condition കാരണം ട്രെയിൻ ലഭിക്കാനുള്ള സാധ്യത അനിശ്ചിതത്വത്തിലാണ്.
Type 3 Conditionals
റെയിൽവേ സ്റ്റേഷനിൽ എത്തിയ ഈ കുടുംബത്തിന് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. അങ്ങകലെ നേത്രാവതി എക്സ്പ്രസ് പോയി മറഞ്ഞതും കാണാം.
If we had started at 10.30 am, we would have got the train.
ഇത്തരം അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് വരാറുണ്ട്. അപ്പോൾ എന്താണ് ഈ പ്രയോഗങ്ങളിൽ നാം ശ്രദ്ധിക്കേണ്ടത്?
ആദ്യ വാക്യം പരിശോധിക്കാം.
If we start at 10.30 am, we will get the train.
ഈ രീതിയിൽ നാം സാധാരണ കേൾക്കുന്ന ഒരു വാക്യമാണല്ലോ “If you study well, you can score A+”എന്നത്.
ഈ രണ്ടു വാക്യങ്ങളും പരിശോധിച്ചാൽ If clauseൽ verbന്റെ ഒന്നാം രൂപം വന്നപ്പോൾ തുടർന്നുള്ള ഭാഗത്ത് will/shall/can/may + V1 എന്ന രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം വാക്യമായ “If we started at 10.30 am, we would get the train” എന്നതിൽ If clauseൽ verbന്റെ രണ്ടാം രൂപമാണ്. അപ്പോൾ willനു പകരം would ആയി. ഇവിടെ സാധ്യത കുറവാണ്.
ഇതേപോലെ പരീക്ഷയ്ക്ക് തൊട്ടുമുന്പുള്ള ദിവസങ്ങളിൽ നിങ്ങളോട് മുതിർന്നവർ പറയും If you studied well, you could score A+
മൂന്നാം വാക്യത്തിൽ ട്രെയിൻ ലഭിക്കാതെ വരുന്പോഴുള്ള കുറ്റബോധത്തിലാണ് കൃത്യസമയത്ത് പുറപ്പെടാൻ പറ്റാതെ പോയത് ഓർത്തുള്ള കുറ്റപ്പെടുത്തൽ ഇങ്ങനെയാകും.
“If we had started, we would have got the train”
If clauseൽ had+V3 വരുന്പോൾ would + had + V3 അല്ലെങ്കിൽ would/should/could/might + have + V3 ചേർക്കണം. A+ ലഭിക്കാതെ വരുന്പോൾ വീട്ടുകാരുടെ കുറ്റപ്പെടുത്തലും ഇതേ രൂപത്തിലായിരിക്കും. If you had studied well, you could have scored A+. മൂന്നാമത്തെ conditional clause, improbable ആണ്. ഇവയിൽ ആദ്യത്തെ വാചകം probable/real ആണ്. രണ്ടാം വാക്യം സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത unreal situation ആണ്. എന്നാൽ, മൂന്നാമത്തെ വാക്യം unreal past situation അഥവാ ഒരിക്കലും നടക്കാത്ത past situation ആണ്.
വിവിധ വാക്യങ്ങൾ പരിശോധിച്ചതിൽനിന്നും നമുക്ക്
മനസിലാക്കാൻ കഴിഞ്ഞ ഘടന ഇങ്ങനെയാണ്.
Type 1: If + V1, will/shall/can/may + V1
Type 2: If +V2, would/could/should/might + V1
Type 3: If +Had + V3, would / could/ should/might + Have + V3
പഠനസൗകര്യാർഥം
If + V1, will + V1
If +V2, would + V1
If + Had + V3, would have + V3
എന്ന് സംഗീതാത്മകമായി പഠിക്കുക. മറ്റു auxiliary verbs ആയ can/shall/may ഉപയോഗിച്ചും പാടിപ്പതിയട്ടെ.
എസ്. ലേഖാ ശങ്കർ
ഗവ. എച്ച്എസ്എസ്, പോരുവഴി