ചുവരിലെ ചിത്രങ്ങളിൽ വർണം പകർന്നും പാഴ് വസ്തുക്കൾ, കുപ്പികൾ, തുണികൾ എന്നിവയിൽ നിറക്കൂട്ടുകൾ ചാർത്തിയും വിസ്മയം വിരിയിക്കുകയാണ് പണിക്കൻകുടി ഗവൺമെന്റ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ശ്രേയ.
ബോട്ടിൽ ആർട്ട്, അക്രിലിക്ക് പെയിന്റിംഗ്, ഫേബ്രിക്ക് പെയിന്റ്, വാട്ടർ കളർ തുടങ്ങിയവ ഈ കൊച്ചുമിടുക്കിക്ക് അനായാസം വഴങ്ങും. കോവിഡ് കാലത്താണ് കൂടുതൽ കലാപ്രവർത്തനങ്ങൾ ശ്രേയ നടത്തിയത്. നൂറോളം കുപ്പികൾ ബോട്ടിൽ ആർട്ടിലൂടെ മനോഹരമാക്കി.
ചുരിദാർ ടോപ്പ്, ബനിയൻ എന്നിവയിലും മനോഹരമായ പെയിന്റിംഗുകൾ തീർത്ത് ശ്രേയ ശ്രദ്ധേയയായി. തുണികളിൽ പൂക്കൾ തുന്നിചേർത്തും ശ്രേയ വിസ്മയം പകരും. പത്താം ക്ലാസുകാരനായ സഹോദരൻ രാഹുലുമായി ചേർന്ന് വീടിന്റെ രണ്ടു മുറികൾ പെയിന്റു ചെയ്തു.
പഠനത്തിലും മിടുക്കിയായ ശ്രേയക്ക് ഈ വർഷം യുഎസ്എസ് സ്കോളർഷിപ്പും ലഭിച്ചു. അച്ഛൻ മുനിയറ പാറക്കൽ സുഗതൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. അമ്മ ഇന്ദു കോതമംഗലം താലൂക്ക് ഓഫീസിൽ ജോലിക്കാരിയാണ്. ഏക സഹോദരൻ രാഹുലും പണിക്കൻകുടി ഗവ.സ്കൂൾ വിദ്യാർഥിയാണ്.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രോത്സാഹനവും ശ്രേയമോളുടെ കലാ വിരുതിന് പിന്തുണയായി ഉണ്ട്.