മലയാളത്തിൽ ദുരനുഭവങ്ങളുണ്ടായി, പ്രൊഡക്ഷൻ മാനേജരുടെ കരണത്തടിച്ചു: വെളിപ്പെടുത്തി നടി കസ്തൂരി
Sunday, September 1, 2024 1:33 PM IST
ചെന്നൈ: മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും മോശമായി പെരുമാറിയ പ്രൊഡക്ഷൻ മാനേജറുടെ കരണത്തടിക്കുകയും ചെയ്തെന്നും നടി വെളിപ്പെടുത്തി.
അവരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് മോശമായി പെരുമാറിയത്. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിംഗ് സെറ്റിൽ നിന്നു താൻ പോയെന്നും കസ്തൂരി പറയുന്നു. എന്നാൽ രണ്ടുപേരുടെയും പേരുകൾ വെളിപ്പെടുത്താൻ നടി തയാറായില്ല.
മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണെന്ന് പറഞ്ഞ കസ്തൂരി മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്നും ചോദിച്ചു.
സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.