2018ന്റെ സെറ്റില്‍ ഒരു മുതിർന്ന നടന് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറി; ജൂഡ് ആന്തണി
Monday, August 26, 2024 1:18 PM IST
കൊച്ചി: തന്റെ സിനിമയായ 2018ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ഒരു വലിയ നടനാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് മോശമായി പെരുമാറിയതെന്നും സംഭവമറിഞ്ഞയുടനെ ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ജൂഡ് വ്യക്തമാക്കി.
ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവരണം. കാടടച്ച് വെടി വയ്ക്കരുത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുന്പില് കൊണ്ടുവരണമെന്നും ജൂഡ് ആവശ്യപ്പെട്ടു.
സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തില്‍ മാത്രം ചര്‍ച്ച ഒതുങ്ങി പോകരുത്. താന്‍ അഭിനയിച്ച സിനിമയില്‍ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു. ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് താന്‍ എട്ടിന് സെറ്റില്‍ എത്തിയിരുന്നു. എന്നാല്‍ നായകന് എത്തിയത് ഉച്ചയ്ക്ക് മൂന്നിനാണ്.
വൈകി എത്തിയിട്ടും അദ്ദേഹത്തിന്റെ സീന്‍ ആദ്യം എടുത്തു തീര്‍ക്കാന്‍ ശ്രമിച്ചതില്‍ താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇയാള്‍ വീണ്ടും കാശ് ആവശ്യപ്പെട്ടതായി നിര്‍മാതാവും പരാതി പറഞ്ഞുവെന്നും ജൂഡ് ആന്തണി പറഞ്ഞു.