കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി തുടരും
Saturday, June 8, 2024 8:13 PM IST
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി തുടരും. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പദവി ഏറ ഉത്തരവാദിത്തമുള്ളതെന്ന് സോണിയ പറഞ്ഞു.
സോണിയ ഗാന്ധിയാണ് പ്രതിപക്ഷ നേതാവിന്റെ പേര് ലോക്സഭ സ്പീക്കർക്ക് നിർദേശിക്കുക. ഭാരത് ജോഡോ യാത്ര വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വിജയത്തിന് സഹായിച്ചു എന്ന് പ്രവർത്തക സമിതി വിലയിരുത്തി.
അതേസംയം വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി.
രാഹുൽ വയനാട് വിടുമെന്നാണ് സൂചന. പകരം കേരളത്തിൽ നിന്നുള്ള നേതാവ് വയനാട് സീറ്റിൽ മത്സരിക്കുമെന്നുമാണ് റിപ്പോർട്ട്. രാഹുലിന്റെ വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
ഉത്തർ പ്രദേശിൽ നന്ദി പ്രകാശ യാത്ര ചൊവ്വാഴ്ച മുതൽ ശനിയാച വരെ കോൺഗ്രസ് നടത്തും. ഭരണമുള്ള ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടി പരിശോധിക്കാനും കോൺഗ്രസ് തീരുമാനിച്ചു.