ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേട് നടക്കില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
Sunday, January 21, 2024 1:32 PM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേട് നടക്കില്ലെന്നും സഹകരണ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ 2011ൽ ആരംഭിച്ച തെറ്റുകൾ ഇപ്പോഴാണ് പിടികൂടാൻ കഴിഞ്ഞത്. കുറ്റവാളികളായ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരിൽനിന്നു പണം ഈടാക്കാനുള്ള നടപടി സ്വീകരിച്ചു. സംഭവത്തിൽ 17 ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തുവെന്നും വാസവൻ പറഞ്ഞു.
കരുവന്നൂരിലെ നിക്ഷേപകർക്ക് നിക്ഷേപം മടക്കികൊടുക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. 106 കോടി രൂപ ഇതുവരെ മടക്കി കൊടുത്തു. ഒരു ലക്ഷം രൂപയിൽ താഴെ നിക്ഷേപമുള്ള മുഴുവൻ ആളുകൾക്കും പണം തിരികെ നൽകി കഴിഞ്ഞു.
നിക്ഷേപം തിരികെ വാങ്ങിയ പലരും ബാങ്കിൽ വീണ്ടും ചെറിയ തുകകൾ നിക്ഷേപിച്ചു തുടങ്ങിയെന്നും സ്വർണപണയ വായ്പ ബാങ്കിൽനിന്നു നൽകി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേഡ് നടന്ന കണ്ടല, പുൽപ്പള്ളി സഹകരണ ബാങ്കുകളിലും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.