ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ മകനും അഴിമതിക്കേസില്‍ പ്രതിയായി
Tuesday, September 26, 2023 12:29 PM IST
അമരാവതി: ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് തിരിച്ചടി. അഴിമതിക്കേസില്‍ ടിഡിപി ചെയര്‍മാനും ആന്ധ്ര പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാ ലോകേഷിനെ പ്രതിചേര്‍ത്തു.
അമരാവതി ഇന്നര്‍ റിംഗ് റോഡ് അഴിമതിക്കേസിലാണ് ലോകേഷിനെ 14-ാം പ്രതിയാക്കിയത്. ലോകേഷിനെ പ്രതി ചേര്‍ത്തതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിഡിപി ആരോപിച്ചു.
അടുത്ത മേയില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിഡിപിയുടെ രണ്ട് പ്രധാന നേതാക്കള്‍ അഴിമതിക്കേസില്‍ പ്രതികളായത്. ആന്ധ്രാ സ്കില്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് ഫണ്ട് അഴിമതിക്കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡു നിലവില്‍ ജയിലിലാണ്.
ഈ മാസം 10നാണ് നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാ സ്കില്‍ ഡെവലപ്പ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സിഐഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹന് റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടി ടിഡിപി രംഗത്തെത്തിയിരുന്നു.