പ്രതിപക്ഷ നേതാവാകാന്‍ സാധിക്കില്ലെന്നറിയാം; എന്നിട്ടും സഭയെ കളിയാക്കുകയാണ്: ജഗനെതിരെ ടിഡിപി എംഎല്‍എ
Friday, June 28, 2024 5:24 PM IST
അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിക്കെതിരെ ടിഡിപി എംഎല്‍എ മാധവി റെഡ്ഡി. പ്രതിപക്ഷ നേതാവാകാന്‍ സാധിക്കില്ലെന്നറിഞ്ഞിട്ടും ജഗന് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയത് നിയമസഭയെ കളിയാക്കാനാണെന്നും മാധവി പറഞ്ഞു.
"നിയമസഭയില്‍ ആകെയുള്ള അംഗങ്ങളുടെ പത്ത് ശതമാനമെങ്കിലും അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവിനാണ് പ്രതിപക്ഷ നേതാവാകാന്‍ യോഗ്യതയുള്ളത്. ആന്ധപ്രദേശ് നിയമസഭയില്‍ ആകെയുള്ള അംഗങ്ങളുടെ എണ്ണം 175 ആണ്. 17 അംഗങ്ങളെങ്കിലും ഉള്ള പാര്‍ട്ടിയുടെ നേതാവിനുമാത്രമേ പ്രതിപക്ഷ നേതാവാകാന്‍ സാധിക്കുള്ളു. ജഗന്റെ പാര്‍ട്ടിക്ക് ആകെയുള്ളത് 11 അംഗങ്ങളാണ്'.-മാധവി പറഞ്ഞു.
തന്നെ പ്രതിപക്ഷ നേതാവാക്കാന്‍ ഭരണഘടന തന്നെ മാറ്റണമെന്നായിരിക്കും ജഗന്റെ ആവശ്യമെന്നും ടിഡിപി എംഎല്‍എ പറഞ്ഞു. ജഗന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം നിയമസഭയില്‍ വരില്ലായിരിക്കുമെന്നും അവര്‍ പരിഹസിച്ചു.