ആന്ധ്ര സഭയിൽ "ബാലയ്യ' സംഘത്തിന്റെ ആറാട്ട്; രണ്ട് എംഎൽഎമാർക്ക് സസ്പെൻഷൻ
Friday, September 22, 2023 12:36 PM IST
അമരാവതി: നൈപുണ്യ വികസന കോർപറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, നിയമസഭാ സമ്മേളനം അലങ്കോലമാക്കി തെലുങ്ക് ദേശം പാർട്ടി(ടിഡിപി) എംഎൽഎമാർ.
നായിഡുവിന്റെ ഭാര്യാസഹോദരനും ചലച്ചിത്ര നടനുമായ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബാലയ്യ എന്ന് ആരാധകസംഘം വിളിക്കുന്ന ബാലകൃഷ്ണ നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയിരുന്ന് തുടർച്ചയായി വിസിൽ അടിച്ചാണ് പ്രതിഷേധിച്ചത്.
മറ്റ് ടിഡിപി എംഎൽഎമാർ സ്പീക്കറുടെ ഡയസിന് സമീപത്തെത്തി പ്രതിഷേധിച്ചു. ഇതോടെ ടിഡിപി എംഎൽഎമാരായ കെ. അച്ചനായിഡു, ബി. അശോക് എന്നിവരെ സഭാസമ്മേളനം പൂർത്തിയാകുന്ന കാലംവരെ സസ്പെൻഡ് ചെയ്യുന്നതായി തമ്മിനേനി സീതാറാം അറിയിച്ചു.
സഭാസമ്മേളനത്തിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ചയും ടിഡിപി എംഎൽഎമാർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പി.കേശവ്, എ. സത്യപ്രസാദ് എന്നീ ടിഡിപി എംഎൽഎമാരെയും വൈഎസ്ആർസിപി നേതാവ് കെ. ശ്രീധർ റെഡ്ഡിയെയും സഭാസമ്മേളനം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് 15 എംഎൽഎമാർക്ക് ഒരു ദിവസത്തെ സസ്പെൻഷനും സ്പീക്കർ ഏർപ്പെടുത്തിയിരുന്നു.