പാലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാലക്കാട് കല്ലിക്കോട് സ്വദേശി ഫിറോസ് ബാബുവിന്‍റെ മകള്‍ ഫിന്‍സ ഐറിനാണ് പരിക്കേറ്റത്.

പരിക്ക് ഗൗരവമുള്ളതല്ല. ഞായറാഴ്ചയായിരുന്നു സംഭവം. 600 രൂപയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങിയ മൈക്കായിരുന്നു ഇത്. പാട്ടു പാടുന്നതിനിടെ കൈയിലിരുന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കുട്ടി പാട്ടു പാടുന്ന വീഡിയോ ഫോണിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുട്ടി ചാര്‍ജിലിട്ടാണ് മൈക്ക് ഉപയോഗിച്ചത്. ഏത് കമ്പനിയാണ് മൈക്ക് നിര്‍മിച്ചതെന്ന് വ്യക്തമല്ലെന്നും അതിനാല്‍ പരാതി നല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കുടുംബം പറഞ്ഞു.