അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജിക്കാരിയെ വിമര്‍ശിച്ച് കോടതി
Tuesday, June 6, 2023 4:55 PM IST
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന്റെ വനമേഖലയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. മധുര ബെഞ്ചിലെ ജസ്റ്റീസുമാരായ ആര്.സുബ്രഹ്മണ്യം, എല്‍. വിക്ടോറിയ ഗൗരി എന്നിവരുടേതാണ് തീരുമാനം.
കേരളത്തിന്റെ വനാതിര്‍ത്തിയിലേക്ക് കൊമ്പനെ തിരിച്ചെത്തിക്കണമെന്നും തമിഴ്നാട്ടിലെ വനമേഖലയില്‍ ആനയെ തുറന്നുവിടരുതെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ആന ജീവിച്ച ആവാസവ്യവസ്ഥയില്‍നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലേക്ക് മാറ്റിയാല്‍ ആന അതിജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വൈദഗ്ധ്യമില്ലെന്ന് മധുര ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിടുകയാണെന്നും കോടതി അറിയിച്ചു.
കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരിയെ കോടതി വിമര്‍ശിച്ചു. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് കോടതിക്ക് പറയാനാവില്ല.
ഇത് ഒരു പൊതുതാത്പര്യ ഹര്‍ജിയാണെന്ന് കരുതുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി പ്രശസ്തിക്കുവേണ്ടി മാത്രമുള്ളതാണെന്നും കോടതി പറഞ്ഞു.