ബിജെപിയുമായി അടുക്കാൻ ശ്രമിച്ച് ടിഡിപി; നായിഡുവുമായി ചർച്ച നടത്തി അമിത് ഷാ
Sunday, June 4, 2023 2:22 PM IST
അമരാവതി: 2018-ൽ ഉപേക്ഷിച്ച ബിജെപി സഖ്യം പൊടിതട്ടിയെടുത്ത് തെലുങ്ക് ദേശം പാർട്ടി(ടിഡിപി). ടിഡിപി എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടിഡിപി തലവൻ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ച രാത്രി നായിഡുവിന്റെ വസതിയിലെത്തിയ ഷാ ഒരു മണിക്കുറോളം അദ്ദേഹവുമായി ചർച്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആന്ധ്ര പ്രദേശിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാൻ മടിക്കുന്നുവെന്നും ആരോപിച്ചാണ് ടിഡിപി 2018-ൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. എന്നാൽ തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രയിൽ കനത്ത പരാജയമാണ് ടിഡിപി നേരിട്ടത്.
ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് മുന്നേറ്റങ്ങൾക്കിടെ നായിഡുവിന്റെ മകനും രാഷ്ട്രീയ പിൻഗാമിയുമായ നരാ ലോകേഷിന് മംഗൾഗിരി നിയമസഭാ മണ്ഡലത്തിൽ അടിതെറ്റിയിരുന്നു.
ഈ സാഹചര്യത്തിലാണ്, കഴിഞ്ഞ അഞ്ച് വർഷത്തോളമായി രാഷ്ട്രീയരംഗത്ത് പിൻനിരയിലേക്ക് പോയ നായിഡു, തെലുങ്ക് സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുമായി കൂട്ടുചേർന്ന് സ്വന്തം പാർട്ടിയുടെ കരുത്ത് വർധിപ്പിക്കാനായി ശ്രമിക്കുന്നത്.