ഓടിക്കളിച്ച് അരിക്കൊമ്പൻ..! വനംവകുപ്പ് ദൗത്യം നീണ്ടേക്കും
സ്വന്തം ലേഖകൻ
Sunday, May 28, 2023 4:41 PM IST
കുമളി: ജനവാസമേഖലയിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യം നീണ്ടേക്കും. കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിനരികിൽ നിന്ന് മാറിയ ആന, ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ആനഗജ എന്ന സ്ഥലത്താണുള്ളത്.
ഡോ. കലൈവാണന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തേക്ക് പുറപ്പെടും. അതേസമയം, കമ്പത്ത് 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് പിടികൂടി വെള്ളമലയിലേക്ക് മാറ്റാനാണ് തീരുമാനം.
അരിക്കൊമ്പനെ തളക്കാനായി മുത്തു, സ്വയംഭൂ, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഏറെ ആശങ്കപരത്തിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.