എഐ കാമറകൾക്ക് മുന്നിൽ ജൂൺ അഞ്ചിന് സമരം നടത്തുമെന്ന് കോൺഗ്രസ്
Thursday, May 25, 2023 10:05 PM IST
തൃശൂര്‍: ജൂണ്‍ അഞ്ചിന് എഐ കാമറകള്‍ക്ക് മുന്പില് ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. വൈകുന്നേരം അഞ്ചിന് 726 കാമറകളുടെ മുന്നില്‍ സത്യഗ്രഹം ഇരുന്ന് കാമറകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറച്ചുപിടിക്കുമെന്നും സുധാകരന് പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ കാമറയ്ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീല്‍മാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിയ്ക്കുള്ളില്‍ നടക്കേണ്ട പദ്ധതിയാണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്.
പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കന്മാര് പത്രസമ്മേളനത്തില്‍ തെളിവുകള്‍ നിരത്തിപ്പറഞ്ഞിട്ടും അന്വേഷിക്കാന്‍ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്.
കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സര്‍ക്കാര്‍ സ്വയം ആലോചിക്കണം .വകുപ്പ് സെക്രട്ടറി അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരുമോ എന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് ജ്യൂഡിഷല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.