ബൈക്ക് നന്പർ പ്ലേറ്റിനു മാസ്കിട്ട് എഐ കാമറയെ പറ്റിച്ചു, പക്ഷേ സിസിടിവിയിൽ കുടുങ്ങി വിദ്യാർഥി
Wednesday, June 21, 2023 9:12 PM IST
എടത്വ: എഐ കാമറ പിടിവീഴാതിരിക്കാൻ ബൈക്കിന്റെ നന്പർ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറച്ച് യാത്ര ചെയ്ത കോളജ് വിദ്യാർഥി പിടിയിൽ. യാത്ര നിരന്തരമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്.
എടത്വ വലിയ പാലത്തില്‍ സ്ഥാപിച്ച എഐ കാമറായ്ക്ക് മുന്നിലാണ് തലവടി സ്വദേശിയായ വിദ്യാര്‍ഥിയുടെ പ്രകടനം. രാവിലെ കോളജിലേക്ക് പോകുമ്പോള്‍ പാലത്തിലേക്ക് തിരിച്ച് വച്ചിരിക്കുന്ന എഐ കാമറായ്ക്ക് മുന്നിലെത്തുന്നതിനു മുന്‍പ് ബൈക്കിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറയ്ക്കും. വൈകുന്നേരം കോളജിൽനിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റും മറയ്ക്കും.
സംഭവം പതിവായതോടെ ബൈക്കും സഞ്ചരിക്കുന്ന യാത്രക്കാരനെയും കുറിച്ച് വ്യക്തമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ എടത്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എഐ കാമറയെ കബളിപ്പിച്ചെങ്കിലും സ്വകാര്യ വ്യക്തികളുടെ സിസിടിവിയില്‍ ബൈക്ക് ഉടമയുടെ നമ്പര്‍ പതിഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ പോലീസ് പിടികൂടി.