എഐ കാമറ സ്ഥാപിച്ചശേഷം റോഡ് അപകടമരണം കുറഞ്ഞു: ഗതാഗതമന്ത്രി
Friday, June 9, 2023 9:28 PM IST
തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിനുശേഷം സംസ്ഥാനത്ത് റോഡ് അപകടമരണനിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ കാമറ സ്ഥാപിച്ചതിനുശേഷം അഞ്ച് മുതൽ എട്ട് വരെയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കാമറകളുടെ പ്രവർത്തന അവലോകനത്തിനായി ചേർന്ന ഉന്നതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് രാവിലെ എട്ട് മുതൽ ജൂൺ എട്ട് രാത്രി 12 വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ 80,743 എണ്ണം കെൽട്രോൺ സ്ഥിരീകരിച്ചു. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്തു. 10,457 ചെല്ലാനുകൾ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച് അയച്ചിട്ടുണ്ട്.
ഹെവി വാഹനങ്ങൾക്ക് നിയമപ്രകാരം സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും ഇപ്പോൾ അത്തരം നിയമലംഘനങ്ങൾ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ എണ്ണം കുറയുന്നത്.
എന്നാൽ സെപ്റ്റംബർ ഒന്ന് മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ഡ്രൈവറുടെ അതേ നിരയിൽ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു.