അരിക്കൊമ്പന് റേഞ്ചില്‍ തിരിച്ചെത്തി; മേഘമലയിലെ വിനോദസഞ്ചാര വിലക്ക് പിന്‍വലിച്ചു
Friday, June 9, 2023 3:26 PM IST
ഇടുക്കി: തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. തമിഴ്നാട് വനം വകുപ്പാണ് വിലക്ക് പിന്‍വലിച്ചത്. അരിക്കൊമ്പന് ജനവാസ മേഖലയില്‍ ഇറങ്ങിയതിനാല്‍ കഴിഞ്ഞ ഒരുമാസമായി വിലക്ക് തുടരുകയായിരുന്നു. കാട്ടാനയുടെ ഭീഷണി നീങ്ങിയതോടെയാണ് വിലക്ക് പിന്‍വലിച്ചത്.
അതിനിടെ അരിക്കൊമ്പന് റേഞ്ചില്‍ തിരിച്ചെത്തി. നിലവില്‍ അപ്പര്‍ കോതയാര്‍ പരിസരത്താണ് അരിക്കൊമ്പനുള്ളത്. വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായിരുന്നു. ആന ഉള്‍വനത്തിലേക്ക് കയറിയതിനാലാകാം സിഗ്നല്‍ നഷ്ടമായതെന്നാണ് നിഗമനം.
അരിക്കൊമ്പന് ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
അരിക്കൊമ്പന് തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്.