ജൂണിയേഴ്സ് കരുത്തര്‍
Monday, June 16, 2025 3:00 AM IST
ബെക്കൻഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യൻ സീനിയർ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള ചതുർദിന സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്ക്കുവേണ്ടി തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ.
76 പന്തിൽ സർഫറാസ് 101 റണ്‍സെടുത്തു. 15 ഫോറും രണ്ട് സിക്സും അടങ്ങിയതാണ് സർഫറാസിന്റെ സെഞ്ചുറി. ഒന്നാം ഇന്നിംഗ്സിൽ 459 റണ്‍സെടുത്ത ഇന്ത്യൻ സീനിയർ ടീമിനെതിരേ രണ്ടാം ദിനം കളി നിർത്തുന്പോൾ 51 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 299 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ എ.
ബുംറ, അര്‍ഷ്ദീപ് തിളക്കമില്ല
45 റണ്‍സുമായി ഇഷാൻ കിഷനും 19 റണ്‍സുമായി ഷാർദുൽ ഠാക്കൂറും ക്രീസിലുണ്ട്. ഇന്ത്യ എ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ 39 റണ്‍സും സായ് സുദർശൻ 38 റണ്‍സും നേടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറയ്ക്കും അർഷ്ദീപ് സിംഗിനും വിക്കറ്റൊന്നും നേടാനായില്ല. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ഒന്നാംദിനം സീനിയർ ടീമിനായി അർധസെഞ്ചുറി നേടിയിരുന്നു. ഈ മാസം ഇരുപതിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയ്ക്ക് തുടക്കമാവുക.
അതേസമയം, ഇന്ത്യ എയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദിന് തിളങ്ങാനായില്ല. വാഷിംഗ്ടൻ സുന്ദര്‍ 49 പന്തിൽ 35 റണ്‍സെടുത്തു.
ഇന്ത്യൻ സീനിയർ ടീമിനായി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് പക്ഷേ 12 ഓവറിൽ 86 റണ്‍സ് വഴങ്ങി. റെഡ്ഡി 9 ഓവറിൽ 68 റണ്‍സും വഴങ്ങി.