പാക് സൈനിക നടപടി ; നവാസ് ഷെരീഫിന്റെ മേൽനോട്ടത്തിൽ?
Thursday, May 15, 2025 2:04 AM IST
ലാഹോർ: ഇന്ത്യക്കെതിരായ സൈനിക നടപടിയുടെ രൂപരേഖ തയാറാക്കിയത് നവാസ് ഷരീഫിന്റെ മേൽനോട്ടത്തിലെന്നു റിപ്പോർട്ട്.
പാർട്ടി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സൈനിക നടപടി തയാറാക്കിയതെന്ന് ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ-എൻ) നേതാവ് അവകാശപ്പെട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ മൂത്ത സഹോദരനും മുൻ പാക് പ്രധാനമന്ത്രിയുമാണ് നവാസ് ഷെരീഫ്.
1999ലെ കാർഗിൽ യുദ്ധകാലത്ത് നവാസ് ഷരീഫായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി. ഇന്ത്യയ്ക്കെതിരായ മുഴുവൻ സൈനിക നടപടിയും രൂപകൽപ്പന ചെയ്തത് നവാസ് ഷരീഫിന്റെ മേൽനോട്ടത്തിലായിരുന്നു- പാക് പഞ്ചാബ് പ്രവിശ്യ മന്ത്രി അസ്മ ബുക്കാരി പറഞ്ഞു. പാകിസ്ഥാനെ ആണവശക്തിയാക്കി മാറ്റിയത് നവാസ് ഷെരീഫാണ്.
ഇപ്പോൾ ഇന്ത്യക്കെതിരേ മുഴുവൻ ഓപ്പറേഷനും രൂപകൽപ്പന ചെയ്തതും അദ്ദേഹമായിരുന്നു വെന്ന് അവർ അവകാശപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയതിനു പിന്നാലെ പാക് സൈനിക നേതൃത്വത്തെ നവാസ് ഷരീഫ് അഭിനന്ദിച്ചിരുന്നു.