വയനാട് ദുരന്തത്തിൽ എത്രയും വേഗം സഹായം എത്തിക്കണമെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കേരള എംപിമാരും ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തെക്കുറിച്ച് മറ്റു നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ ഇരുസഭകളിലും നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും അനുവദിച്ചില്ല.
രാജ്യസഭയിൽ പ്രത്യേക ചർച്ച ആദ്യം അനുവദിക്കാതിരുന്ന ചെയർമാൻ ജഗദീപ് ധൻകറിന്റെ നടപടിക്കെതിരേ കേരള എംപിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചും അഭ്യർഥിച്ചും ബഹളം കൂട്ടിയുമാണ് പ്രശ്നം ഉന്നയിച്ചത്.
ജോസ് കെ. മാണി, ജോണ് ബ്രിട്ടാസ്, പി. സന്തോഷ്കുമാർ, പി.വി. അബ്ദുൾ വഹാബ്, ജെബി മേത്തർ, ഡോ. വി. ശിവദാസൻ, എ.എ. റഹീം എന്നിവർ രാജ്യസഭയിൽ ഒറ്റക്കെട്ടായി നിന്നു വയനാട്ടിലെ ദുരിതബാധിതർക്കുവേണ്ടി ശബ്ദമുയർത്തി. വയനാട്ടിലെ ദുരന്തബാധിതർക്കുവേണ്ടി ലോക്സഭയിലും കേരള എംപിമാർ ഒറ്റക്കെട്ടായി നിന്നു.
വൈകാരികമായെങ്കിലും വ്യക്തതയോടെ കാര്യങ്ങൾ ആവശ്യപ്പെടുന്നതിൽ ഇവരെല്ലാം വിജയിക്കുകയും ചെയ്തു. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുലിനെ പ്രസംഗിക്കാൻ അനുവദിച്ചപ്പോൾ, രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെയുടെയും എഎപി, തൃണമൂൽ അടക്കമുള്ള പ്രതിപക്ഷ എംപിമാരുടെകൂടി സമ്മർദത്തിൽ കേരള എംപിമാർക്ക് ഓരോ മിനിറ്റ് വീതം സംസാരിക്കാൻ അനുമതി നൽകി.