പട്ടികയിൽ പേരില്ല, മമതയുടെ സഹോദരന് വോട്ട് ചെയ്യാനായില്ല
Tuesday, May 21, 2024 1:24 AM IST
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ ബാബുൻ ബാനർജിക്ക് ഇന്നലെ വോട്ട് ചെയ്യാനായില്ല. വോട്ടർപട്ടികയിൽ പേരില്ലാത്തതാണു കാരണം. ഹൗറ പട്ടണത്തിലെ വോട്ടറായ ബാബുൻ ഇന്നലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്നു മനസിലായത്.
ഹൗറയിൽ സിറ്റിംഗ് എംപി പ്രസൂൺ ബാനർജിയെ സ്ഥാനാർഥിയാക്കിയതിനെതിരേ ബാബുൻ പരസ്യമായി രംഗത്തെത്തിയിരുന്നു. സഹോദരനെ തള്ളിപ്പറഞ്ഞ് മമത രംഗത്തെത്തിയതോടെ ബാബുൻ ഒതുങ്ങി.
ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് സ്പോർട്സ് വിംഗ് അധ്യക്ഷനായിരുന്നു ബാബുൻ. ബംഗാൾ ഒളിന്പിക് അസോസിയേഷൻ, ബംഗാൾ ഹോക്കി അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റും ബംഗാൾ ബോക്സിംഗ് അസോസിയേഷന്റെ സെക്രട്ടറിയുമാണ് ബാബുൻ.