കാവേരി: കർണാടക ബന്ദ് ജനജീവിതംദുഃസഹമാക്കി
Saturday, September 30, 2023 1:28 AM IST
ബംഗളൂരു: കാവേരി നദീജല വിഷയത്തിൽ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് കർണാടകയിലെ ജനജീവിതത്തെ ബാധിച്ചു. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
അക്രമസാധ്യത കണക്കിലെടുത്ത് ബംഗളൂരു നഗരത്തിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സ്കൂളുകൾക്കും കോളജുകൾക്കും അധികൃതർ അവധി നൽകുകയും ചെയ്തിരുന്നു.
മാണ്ഡ്യ പോലുള്ള കാവേരി നദീതട ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും തുറന്നില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ട്രാൻസ്പോർട്ട് കോർപറേഷനുകൾ വളരെ കുറച്ച് ബസുകൾ മാത്രമാണ് ഓടിച്ചത്. സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്.ചിത്രദുർഗയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കോലം പ്രതിഷേധക്കാർ കത്തിച്ചു.