മാനസിക വൈകല്യമുള്ള പതിനാലുകാരിക്കു ടാക്സിയിൽ പീഡനം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ
Friday, September 22, 2023 3:59 AM IST
മുംബൈ: മാനസിക വൈകല്യമുള്ള 14 വയസുകാരിയെ ടാക്സിയിൽവച്ചു മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവറെയും ഇയാളുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവറായ ശ്രീപ്രകാശ് പാണ്ഡെ (29), സൽമാൻ ഷെയ്ഖ് (27) എന്നിവരാണു പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണു സംഭവം. സൗത്ത് മുംബൈയിലെ മലബാർ ഹിൽ മേഖലയിലുള്ള പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ട് മാൾവാനിയിലുള്ള ബന്ധുവീട്ടിലേക്കു പോകാനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു.
സെന്റ് സ്റ്റീഫൻ ചർച്ചിനു സമീപം നിർത്തിയിട്ടിരുന്ന ടാക്സിയിൽ പെൺകുട്ടി കയറിയ തോടെ ടാക്സി ഡ്രൈവറായ പാണ്ഡെ പെൺകുട്ടിയുമായി ദാദറിലേക്കു പോകുകയും സുഹൃത്തായ സൽമാനെ കാറിൽ കയറ്റുകയും ചെയ്തു. ദാദറിനും സാന്താക്രൂസിനുമിടയിൽവച്ച് പിൻസീറ്റിലിരുന്ന സൽമാൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും പിന്നീട് സാന്താക്രൂസിൽ ഇറക്കിവിടുകയും ചെയ്തു. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിന്മേൽ തെരച്ചിൽ നടത്തിയ മലബാർ ഹിൽ പോലീസ് വകോലയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു.
കാറിൽവച്ച് ക്രൂരമായ പീഡനത്തിനിരയായതായി പെൺകുട്ടി വീട്ടുകാരെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടാക്സി ഡ്രൈവറെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികൾക്കെതിരേ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.