പുതുതായി 50 മെഡിക്കൽ കോളജുകൾ കൂടി, കേരളത്തിന് ഒന്നുമില്ല
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ചതായി കേന്ദ്രസർക്കാർ. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 702 ആയി. എംബിബിഎസ് സീറ്റുകളുടെ എണ്ണം 107658 ആയി ഉയർന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ, പുതുതായി അനുവദിച്ച മെഡിക്കൽ കോളജുകളിൽ ഒരെണ്ണംപോലും കേരളത്തിലില്ല.
തെലുങ്കാനയിൽ മാത്രം 12 മെഡിക്കൽ കോളജുകളാണ് പുതുതായി അനുവദിച്ചത്. ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും അഞ്ചു വീതവും മഹാരാഷ്ട്രയിൽ നാലും മെഡിക്കൽ കോളജുകൾ അനുവദിച്ചു.
ആസാം, ഗുജറാത്ത്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ മൂന്നു വീതവും ഹരിയാന, ജമ്മുകാഷ്മീർ, ഒഡീഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ രണ്ടുവീതവും മധ്യപ്രദേശ്, നാഗാലാൻഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഒന്നുവീതവും മെഡിക്കൽ കോളജുകളും പുതുതായി അനുവദിച്ചു. ഈ മെഡിക്കൽ കോളജുകളിൽ 30 എണ്ണം സർക്കാർ മേഖലയിലാണ്.