കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം മോദിക്ക്; രാജിവയ്ക്കണമെന്നും മമത
Sunday, April 18, 2021 11:55 PM IST
ബാരക്പുർ (പശ്ചിമബംഗാൾ): കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടുവെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മോദി രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിനും മരുന്നിനും രാജ്യമെന്പാടും ക്ഷാമം നേരിടുന്നത് മുന്നൊരുക്കങ്ങളിലെ വീഴ്ചമൂലമാണെന്നും മമത ആരോപിച്ചു.
രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള കർമപരിപാടികൾ സർക്കാർ തയാറാക്കിയില്ല. ആദ്യഘട്ടത്തിനുശേഷം ലഭിച്ച ആറേഴുമാസം വെറുതെ കളഞ്ഞെന്നു കുറ്റപ്പെടുത്തിയ മമത, സ്വന്തം രാജ്യത്തു പ്രതിരോധ വാക്സിനു ക്ഷാമം നേരിട്ടപ്പോഴും പ്രതിച്ഛായ വർധിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണ്.
വാക്സിൻ ക്ഷാമവും രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻപേർക്കും സൗജന്യവാക്സിൻ നൽകുന്നതിനായി 5.4 കോടി ഡോസാണ് ആവശ്യപ്പെട്ടതെങ്കിലും മറുപടി നൽകാൻ പോലും കേന്ദ്രം തയാറായില്ല. പ്രശ്നത്തിൽ പ്രധാനമന്ത്രിക്കു വീണ്ടും കത്തയയ്ക്കുമെന്നും മമത പറഞ്ഞു. വാക്സിനു പുറമേ റെംഡെഡിവിർ എന്ന പ്രതിരോധമരുന്നിനും ക്ഷാമം നേരിടുകയാണ്. അനുമതി ലഭിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്തെ മുഴുവൻപേർക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി മമത അവകാശപ്പെട്ടു.