ഗുജറാത്തിൽ വനിതാ ട്രെയിനി ക്ലാർക്കുമാരെ നഗ്നരാക്കി നിർത്തി വൈദ്യപരിശോധന
Saturday, February 22, 2020 12:11 AM IST
സൂറത്ത്: സൂറത്ത് മുനിസിപ്പൽ കോർപറേഷനിലെ (എസ്എംസി) വനിതാ ട്രെയിനി ക്ലാർക്കുമാരെ നഗ്നരാക്കി വൈദ്യപരിശോധന നടത്തിയ സംഭവത്തിൽ അന്വേഷണം. സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ബഞ്ചാനിധി പാണിയാണ് വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
ട്രെയിനി ക്ലാർക്കുമാരായ പത്തു പേരെ ഒരുമിച്ച് നഗ്നരാക്കി കോർപറേഷനു കീഴിലുള്ള ആശുപത്രിയുടെ ഗൈനക്കോളജി വാർഡിൽ വൈദ്യപരിശോധന നടത്തിയെന്നാണ് പരാതി. ഗുജറാത്തിലെ വനിതാ കോളജിൽ ഹോസ്റ്റൽ അധികൃതർ പെൺകുട്ടിയുടെ വസ്ത്രം ഉരിഞ്ഞ് ആർത്തവ പരിശോധന നടത്തിയതിനു പിന്നാലെയാണ് വിചിത്രമായ പരിശോധനയുടെ വാർത്ത പുറത്തുവരുന്നത്.
സംഭവത്തിൽ എസ്എംസി എംപ്ലോയീസ് യൂണിയനാണ് മുനിസിപ്പൽ കമ്മീഷണർക്കു പരാതി നൽകിയത്. അവിവാഹിതരായ പെൺകുട്ടികളെ സ്ത്രീ ഡോക്ടർമാർ ഗർഭപരിശോധനയ്ക്കു വിധേയരാക്കിതായും പരാതിയുണ്ട്. സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ (എസ്എംഐഎംഇആർ) വ്യാഴാഴ്ചയാണ് സംഭവം അരങ്ങേറിയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് മുനിസിപ്പൽ കമ്മീഷണർ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളജ് ഡീൻ ഡോ. കല്പന ദേശായി, അസിസ്റ്റന്റ് കമ്മീഷണർ ഗായത്രി ഗരിവാല, എക്സിക്യൂട്ടീവ് എൻജിനിയർ തൃപ്തി കലാതിയ എന്നിവരുൾപ്പെട്ട സമിതി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
നിയമമനുസരിച്ച് ട്രെയിനി ജീവനക്കാരെ ട്രെയിനിംഗ് കാലത്ത് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും.
മൂന്നു വർഷത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയ വനിതാ ട്രെയിനി ക്ലാർക്കുമാർ എസ്എംഎംഇആറിൽ വൈദ്യപരിശോധനയ്ക്കായി എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വൈദ്യപരിശോധനയ്ക്കു യൂണിയൻ എതിരല്ലെന്നും പരിശോധന നടത്തിയ രീതിയോടാണ് എതിരെന്നും യൂണിയൻ വ്യക്തമാക്കി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൂറത്ത് മേയർ ജഗദീഷ് പട്ടേൽ പറഞ്ഞു.