തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലിയുണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചിയിൽ മദ്രസയുടെ മേൽക്കൂര പറന്നുപോയി.
എറണാകുളം ജില്ലയിൽ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മരമൊടിഞ്ഞതു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല.
അതിരാവിലെ ആരംഭിച്ച കനത്ത മഴ ഒമ്പതു മണിയോടെ ശമിക്കുകയും പിന്നീട് ഇടവിട്ട് പെയ്യുകയുമാണ്. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള് പറ്റി.