ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കാൻ ഊർജിത ശ്രമം തുടരുന്നു. ചൊവ്വാഴ്ചയും ചര്‍ച്ച തുടരുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.
ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന പ്രതിനിധി സംഘത്തിന്റെ നിർദേശത്തോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്ലിയാറിന്റെ ഇടപെടലിനെ തുടർന്ന് യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചത്.
ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്.
നോർത്ത് യെമനിൽ നടക്കുന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീംജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്.