ലണ്ടൻ: വിംബിൾഡൻ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ. കന്നി വിംബിൾഡൻ കിരീട നേട്ടമാണ് സിന്നർ തന്റെ പേരിൽ കുറിച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ കിരീടപോരാട്ടത്തിന് സമാനമായി ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ സ്പെയിന്റെ ലോക രണ്ടാം നന്പർ താരം കാർലോസ് അൽകരാസുമായുള്ള തീപാറും പോരാട്ടത്തിനു സാക്ഷ്യം വഹിച്ചു.
പിന്നിൽനിന്നും മുന്നേറി അൽകരാസ് ആദ്യ സെറ്റ് സ്വന്തമാക്കിയപ്പോൾ യാന്നിക് സിന്നർ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ചു. 4-2ന് മുന്നിലെത്തിയ സിന്നർ രണ്ടാം സെറ്റ് 6-4ന് സ്വന്തമാക്കി. മൂന്നാം സെറ്റിൽ വീണ്ടും അൽകരാസ് പിടിമുറുക്കി.
3-2ന് മുന്നിൽനിന്ന അൽകരാസിനെ ശക്താമയ തിരിച്ചടിയുമായി നേരിട്ട സിന്നർ 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കി ആധിപത്യം പുലർത്തി. നാലാം സെറ്റിൽ വീണ്ടും സിന്നർ മുന്നിലെത്തി. 5-4ന് വെല്ലുവിളിയുയർന്ന സെറ്റ് 6-4ന് സ്വന്തമാക്കി സിന്നർ വിംബിൾഡൻ കിരീടം ചൂടി. സ്കോർ: 4-6, 6-4, 6-4, 6-4.