വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
"നമുക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടി വരും. പ്രധാനമായും പ്രതിരോധ ആയുധങ്ങൾ. വളരെ കഠിനമായി അവർ തിരിച്ചടി നേരിടുകയാണ്'.- ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ സന്തുഷ്ടനല്ല എന്നും ട്രംപ് വ്യക്തമാക്കി.
അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് ശ്രമിച്ചുവെങ്കിലും സംഘർഷം അവസാനിപ്പിക്കാൻ പുടിൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.
നിലവിൽ യുക്രെയ്ന് നേരെ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. ഈ സമയത്ത് യുക്രെയ്നുള്ള ആയുധ വിതരണം നിർത്തലാക്കുന്നത് ഗുരുതരമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് 65 ബില്യൺ ഡോളറിലധികം സൈനിക സഹായം നൽകിയിരുന്നു. എന്നൽ, അധികാരമേറ്റെടുത്ത ട്രംപ്, യുക്രെയ്ന് നല്കിവന്ന യുദ്ധസഹായം താല്ക്കാലികമായി മരവിപ്പിച്ചിരുന്നു.