തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍; കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി​യെ​ടു​ത്തു
Monday, July 7, 2025 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ര​ണ്ട് ദി​വ​സം മു​ന്പ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ന്‍ ഡി​ഐ​ജി തോം​സ​ണ്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ഴി​യെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ മൊ​ഴി പ​രി​ശോ​ധി​ച്ച ശേ​ഷം വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

ച​ട​ങ്ങു​ക​ള്‍ അ​ല​ങ്കോ​ല​മാ​യ​തി​ന്‍റെ പേ​രി​ല്‍ തി​രു​വ​മ്പാ​ടി വി​ഭാ​ഗം പൂ​രം നി​ര്‍​ത്തി​വ​ച്ച​തി​നു പി​ന്നാ​ലെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി സു​രേ​ഷ് ഗോ​പി ആം​ബു​ല​ന്‍​സി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​ന​മി​ല്ലാ​തെ അ​ട​ച്ചി​ട്ട മേ​ഖ​ല​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ല്‍ സു​രേ​ഷ് ഗോ​പി​യെ എ​ത്തി​ച്ച​തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആരോപണം ഉയർന്നിരുന്നു.

എന്നാൽ പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇതനുസരിച്ചാണ് താൻ ആംബുലൻസിൽ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

നി​ല​വി​ല്‍ കേ​സ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. നേ​ര​ത്തേ മ​ന്ത്രി​മാ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.