കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ ആംബുലൻസ് തടയുകയായിരുന്നു.
പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് ബിന്ദുവിന്റെ മൃതദേഹവുമായി ആംബുലൻസിന് പോകാൻ കഴിഞ്ഞത്. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുമെന്നും വെള്ളിയാഴ്ച രാവിലെ എട്ടിന് മൃതദേഹം വീട്ടിലെത്തിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. നവമിയുടെ ന്യൂറോ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും.
തകർന്ന കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു തകർന്ന കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നത്. അമ്മയെ കാണാനില്ലെന്ന് മകള്‍ സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയോട് പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവിനെ കണ്ടെത്തിയത്. സ്ഥലം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.