തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.
രാജ്ഭവന്റെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പോലീസുകാരെ നിയമിച്ച ശേഷം തിരിച്ചുവിളിച്ച സർക്കാർ നടപടിയിലെ അതൃപ്തി ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു. രാജ്ഭവനിൽ ഒഴിവുള്ള ആറു പോലീസുകാരുടെ നിയമനം എത്രയും വേഗം നടത്തണമെന്ന് ഡിജിപിക്കു ഗവർണർ നിർദേശം നൽകി.
രാജ്ഭവൻ നൽകുന്ന പട്ടികയിൽ നിന്നുള്ള പോലീസുകാരെയാകണം ഇവിടേക്കു നിയമിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കീഴ്വഴക്കം ലംഘിക്കുന്ന നിലപാട് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന നിർദേശവും ഗവർണർ നൽകിയിട്ടുണ്ട്. വൈകുന്നേരം 5.30ന് രാജ്ഭവനിൽ എത്തിയ സംസ്ഥാന പോലീസ് മേധാവി 6.25 നാണ് മടങ്ങിയത്.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും ചർച്ചാ വിഷയമായി. ഭാരതാംബയുമായി ബന്ധപ്പെട്ടു കേരള സർവകലാശാലയിൽ നടന്ന പോലീസ് നടപടിയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായതായാണു സൂചന.