തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പ്രതിഷേധവുമായെത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് ആസ്ഥാനത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ചാണ്.
ഡിജിപിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി അകത്ത് പ്രവേശിച്ച ഇയാൾ പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് കാണിച്ചാണ് കോൺഫറൻസ് ഹാളിൽ കടന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചത്.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ അടുത്തേക്കെത്തിയ അദ്ദേഹം 30 വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താന്‍ നേരിട്ട ദുരനുഭവത്തില്‍ പോലീസുകാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പോലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല.