തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സന്പൂർണ ബജറ്റ് വെള്ളിയാഴ്ച ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങളിലാണ് ധനകാര്യമന്ത്രി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിരവധി പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ നിലവിലെ സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ മാർഗങ്ങൾക്കും നികുതി വർധനയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കാനുള്ള നിർദേശങ്ങളും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ പ്രോജക്ടുകളെ സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകും.
സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനുള്ള പുതിയ പരിഷ്കാരങ്ങളും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു പരമാവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂർണ ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. ബജറ്റിലെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് പ്രതിപക്ഷവും ഉറ്റുനോക്കുകയാണ്.